രണ്ടാം പിണറായി സർക്കാരിൽ പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീശനെ, ഭരണത്തലവന്റെ ചുമതല ഏൽപ്പിക്കാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്
വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇതോടെ വിരാമമായി. തിങ്കളാഴ്ച വി.ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു.
രണ്ടാം പിണറായി സർക്കാരിൽ പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീശനെ, ഭരണത്തലവന്റെ ചുമതല ഏൽപ്പിക്കാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, എംഎൽഎമാരുടെ പിന്തുണയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേരിട്ടുള്ള ഇടപെടലും സതീശന് തുണയായി. മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗിൻ്റെ പിന്തുണയും സമ്മർദ്ദവും ഇതിൽ പ്രധാന ഘടകമാണ്.പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പും ഡൽഹിയിൽ വലിയ ചർച്ചകളാണ് നടന്നിരുന്നത്. കെ.സി വേണുഗോപാലിനെ വസതിയിലേക്ക് വിളിച്ച് രാഹുൽ ഗാന്ധി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു
ടീം വർക്കിലൂടെ കേരളത്തെ നയിക്കുമെന്ന് സതീശൻ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ ജനവിധി പൂർണ്ണമായും നടപ്പിലാക്കുമെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഒരു ടീമായി ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന് പിന്നിൽ എഐസിസിയുടെ വലിയ പിന്തുണയുണ്ടെന്ന് പറഞ്ഞ സതീശൻ, ഈ ജനവിധി നേടിയെടുക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് കെ.സി. വേണുഗോപാലാണെന്നും കൂട്ടിച്ചേർത്തു.
നേതാക്കൾക്ക് നന്ദി പറഞ്ഞ് സതീശൻ
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. “രമേശ് ചെന്നിത്തലയാണ് ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു പ്രധാന നേതാവ്. അദ്ദേഹം എന്റെ നേതാവാണ്. കെ.സി. വേണുഗോപാൽ എനിക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ്,” സതീശൻ പറഞ്ഞു.
മെയ് 7-ന് തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം പുതിയ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് ഏകകണ്ഠമായി വിട്ടുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെ നിയമസഭാ കക്ഷി നേതാവായി നിയമിക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷി ഡൽഹിയിൽ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി മുഖത്തെ ഉയർത്തിക്കാട്ടിയിരുന്നില്ലെങ്കിലും, പ്രവർത്തകർക്കിടയിൽ സതീശന്റെ പേരായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. എന്നാൽ കെ.സി. വേണുഗോപാലിന്റെ കടന്നുവരവ് തീരുമാനമെടുക്കുന്നതിൽ ഹൈക്കമാൻഡിന് വലിയ വെല്ലുവിളിയായി. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധവുമാണ് വേണുഗോപാലിന്റെ പേര് സജീവമാക്കിയത്. എങ്കിലും ഒടുവിൽ ജനവികാരവും സമവായവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നുതിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സിഎൽപി (CLP) യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകർ ഈ തീരുമാനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും. ഇതിന് പിന്നാലെ വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. യുഡിഎഫിന് (UDF) നിയമസഭയിൽ ലഭിച്ച മികച്ച ഭൂരിപക്ഷം വരാനിരിക്കുന്ന ഭരണത്തിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
.









