പ്രമേഹ ലക്ഷണങ്ങളെക്കുറിച്ച് പറയുമ്പോൾ സാധാരണയായി പറയപ്പെടുന്ന ലക്ഷണങ്ങളാണ് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിത ദാഹം, ശരീരഭാരം കുറയൽ എന്നിവയൊക്കെ. പക്ഷേ, അധികം ചർച്ച ചെയ്യപ്പെടാത്തതും എന്നാൽ പ്രധാനപ്പെട്ടതുമായ മറ്റൊരു ലക്ഷണം കൂടിയുണ്ട്. അത് ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലാണ്. ഇത് പലപ്പോഴും യീസ്റ്റ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ജനനേന്ദ്രിയത്തിലെ ചൊറിച്ചിൽ പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു മുൻകൂർ സൂചനയായിരിക്കാം. കൺസൾട്ടന്റ് ഡയറ്റീഷ്യനും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്രയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് യീസ്റ്റ് (കാൻഡിഡ) വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതിനാൽ, രക്തത്തിലും മൂത്രത്തിലും സ്രവങ്ങളിലും ഗ്ലൂക്കോസിന്റെ വർദ്ധനവ് ഉണ്ടാകുന്നു.
പ്രമേഹം രക്തത്തിൽ അധിക പഞ്ചസാരയുടെ അളവ് ഉണ്ടാക്കുന്നു. ഇത് വിയർപ്പ്, മൂത്രം, യോനി സ്രവങ്ങൾ തുടങ്ങിയ ശരീര സ്രവങ്ങളിലേക്കും വ്യാപിക്കുന്നു.
ദുർബലമായ രോഗപ്രതിരോധ സംവിധാനം: ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ശരീരത്തിന് അണുബാധകളെ ചെറുക്കാൻ ബുദ്ധിമുട്ടാക്കുന്നു.
ഈർപ്പമുള്ള അന്തരീക്ഷം: ചൂടുള്ളതും ഈർപ്പമുള്ളതുമായ ജനനേന്ദ്രിയഭാഗം യീസ്റ്റ് വളർച്ചയ്ക്ക് സാധ്യതയുള്ളതാണ്. കൂടാതെ അധിക ഗ്ലൂക്കോസ് അതിന്റെ അമിതവളർച്ചയെ കൂടുതൽ വർദ്ധിപ്പിക്കുകയും ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
ജനനേന്ദ്രിയത്തിൽ തുടർച്ചയായ ചൊറിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ
വെളുത്ത കട്ടിയുള്ള യോനി ഡിസ്ചാർജ് (സ്ത്രീകൾക്ക്)
ജനനേന്ദ്രിയ ഭാഗത്തിന് ചുറ്റും ചുവപ്പും ചൊറിച്ചിലും
മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന പുകച്ചിൽ
ചികിത്സിച്ചിട്ടും ആവർത്തിച്ചുള്ള അണുബാധകൾ
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, അമിത ദാഹം, അല്ലെങ്കിൽ വിശദീകരിക്കാത്ത ശരീരഭാരം കുറയൽ തുടങ്ങിയ പ്രമേഹ ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ ഒരുമിച്ച് അനുഭവപ്പെടുകയാണെങ്കിൽ പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്.
പോംവഴികൾ എന്തൊക്കെയാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിലനിർത്തുക
പ്രമേഹത്തിന് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരുക, പതിവായി വ്യായാമം ചെയ്യുക, ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുക.
ആന്റിഫംഗൽ ചികിത്സകൾ നടത്താം. ആന്റിഫംഗൽ ക്രീമുകൾ, ഓറൽ മരുന്നുകൾ അല്ലെങ്കിൽ ഡപ്പോസിറ്ററികൾ എന്നിവ അണുബാധ ഇല്ലാതാക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് പറഞ്ഞുതരാൻ സാധിക്കും.
നല്ല ശുചിത്വം പാലിക്കുക: ജനനേന്ദ്രിയഭാഗം വൃത്തിയുള്ളതായി സൂക്ഷിക്കുക. അയഞ്ഞ കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക. വീര്യമുള്ള സോപ്പുകളോ സുഗന്ധമുള്ള ഉൽപ്പന്നങ്ങളോ ഒഴിവാക്കുക.
പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക. ശുദ്ധീകരിച്ച പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറഞ്ഞ ഭക്ഷണക്രമവും യീസ്റ്റ് വളർച്ച കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുന്നത് അധിക ഗ്ലൂക്കോസ് പുറന്തള്ളാൻ സഹായിക്കുന്നു.
ലക്ഷണങ്ങൾ കണ്ടാൽ ശരിയായ രോഗനിർണയത്തിനും ചികിത്സക്കുമായി ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.






