മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ ടി. എൻ. പ്രകാശിൻ്റെ അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും ഓർമ്മകളുടെ അക്ഷരവിരുന്നായി. ടി.എൻ. പ്രകാശിൻ്റെ കുടുംബവും സുഹൃത്തുക്കളും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അനുസ്മരണ സമ്മേളനം കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ട് മുമ്പ് മലയാള മനോരമ നടത്തിയ ചെറുകഥാ മത്സരത്തിൽ താൻ തിരഞ്ഞെടുത്ത മികച്ച കഥകളിൽ ഒന്ന് ടി.എൻ. പ്രകാശിൻ്റേതായിരുന്നു. പിന്നീട് ഞാനും പ്രകാശും തമ്മിലുള്ള ബന്ധം ഏറെ ദൃഢവും ഊഷ്മളവുമായി മാറുകയായിരുന്നുവെന്ന് പത്മനാഭൻ പറഞ്ഞു. എഴുത്തുകാരൻ എം. മുകുന്ദൻ അവാർഡ് വിതരണം നിർവഹിച്ചു. ടി.എൻ. പ്രകാശുമായുള്ള ആത്മബന്ധം വാക്കുകൾക്കതീതമാണെന്നു എം. മുകുന്ദൻ പറഞ്ഞു. നോവലിന്
ജമാൽ കൊച്ചങ്ങാടിയും കഥയ്ക്ക് ഷാഫി പൂവത്തിങ്കലിനുമാണ് അവാർഡ് .പി.പി. ശശീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ കൊയ്യാൽ , എൻ .ടി. സുധീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രകാശിൻ്റെ ഭാര്യ ഗീതയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടി.പി. വേണു ഗോപാൽ സ്വാഗതവും തീർത്ഥ പ്രകാശ് നന്ദിയും പറഞ്ഞു.












