ഇത് നമ്മുടെ സംസ്‌കാരമല്ല’; ജനീഷ് കുമാറിനെതിരെ ജി സുധാകരൻ

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തിൽ ജനീഷ് കുമാർ എംഎൽഎക്കെതിരെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ഇടത് സർക്കാരിൽ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്നും നക്സലിസം തങ്ങൾ അംഗീകരിക്കുന്നതാണോയെന്നും ജി സുധാകരൻ ചോദിച്ചു. എൻജിഒ യൂണിയൻ പൂർവകാല നേതൃസംഗമത്തിലായിരുന്നു പരസ്യവിമർശനം.

‘ഒരു എംഎൽഎ സർക്കാർ ഓഫീസിൽ കയറി കാണിച്ചത് കണ്ടില്ലേ. നക്സൽ വരുമെന്നാണ് ഭീഷണി. നക്സലിസം നമ്മൾ അംഗീകരിക്കുന്നതാണോ? എംഎൽഎ പദവിയിൽ വല്ലാതെ അഭിരമിക്കുന്നു. ഇത് പ്രമാണിമാരുടെ സംസ്‌കാരമാണ്. നമ്മുടെ സംസ്‌കാരമല്ല. ആ എംഎൽഎ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാൽ നിൽക്കുന്നത് നമ്മുടെ കൂടെ’, എന്നാണ് ജി സുധാകരൻ പറഞ്ഞത്.

ശനിയാഴ്ച കുളത്തുമണ്ണിൽ സ്വകാര്യത്തോട്ടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി വനംവകുപ്പ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കസ്റ്റഡി നിയമപരമല്ലെന്ന് എംഎൽഎ ആരോപിക്കുകയും ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. നക്സലുകൾ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ ഉദ്യോഗസ്ഥരോട് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തുകയുണ്ടായി. തല പോയാലും താൻ ഉയർത്തിയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് നയിക്കുമെന്നായിരുന്നു എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്.

ആ ഫേസ് ബുക്ക് കുറിപ്പ് ഇതാ ഇങ്ങനെയാണ്…

തലപോയാലും ജനങ്ങൾക്കൊപ്പം

നിരന്തരം വർധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങൾ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതിൽ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗർഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസിൽ അവരുടെ ഭർത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്.
അപ്പോൾത്തന്നെ, ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ‘ഇന്നലെ മാത്രം 11 പേരെ’ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാട്ടാനയുടെ മരണത്തിന്റെ മറവിൽ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.
തുടർന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസിൽ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിൽവച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തിൽ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമർശങ്ങൾ മാധ്യമങ്ങൾ വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
അത്തരം പരാമർശങ്ങളല്ല, ആ നാടും അവർക്കുവേണ്ടി ഞാൻ ഉയർത്തിയ വിഷയവുമാണ് പ്രധാനം.
ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങൾക്കിടയിൽ ദുഷ്പ്രചരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമർശങ്ങൾ നടത്തേണ്ടിവന്നതും.
ഞാൻ ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങൾക്കൊപ്പം.

Top News from last week.

Latest News

More from this section