ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ 75 വയസ്സ് കഴിഞ്ഞാല്‍ സ്ഥാനമൊഴിയണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചര്‍ച്ചയാക്കി പ്രതിപക്ഷം. മോദിക്ക് 75 വയസ്സ് തികയുന്നതിനാല്‍ അദ്ദേഹം വിരമിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയെ ഉദ്ദേശിച്ചാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണമെന്ന് ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസം നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. പുതിയ ആളുകള്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് മോദി പ്രധാനമന്ത്രി പദം ഒഴിയുമോയെന്ന ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.
മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഉന്നയിച്ചത്. ഈ വര്‍ഷം സെപ്തംബര്‍ 17ന് മോദിക്ക് 75 വയസ്സ് പൂര്‍ത്തിയാവുകയാണ്. മോദി വിരമിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത് എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. മുതിര്‍ന്ന ബിജെപി നേതാക്കളെ 75 വയസ്സ് കഴിഞ്ഞപ്പോള്‍ ഒഴിവാക്കിയ പ്രധാനമന്ത്രി മോദി സ്വയം വിരമിക്കുമോ എന്ന് ശിവസേന ചോദിച്ചു.
എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, തുടങ്ങിയ നേതാക്കളെ 75 വയസ്സ് കഴിഞ്ഞപ്പോള്‍ മോദി നിര്‍ബന്ധിച്ച് വിരമിപ്പിച്ചു. അതേ നിയമം മോദിക്കും ബാധകമാക്കുമോ എന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ചോദിച്ചു.










