എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിൽ ഖേദപ്രകടനം നടത്തിയത് ആരെയും വേദനിപ്പിക്കാതിരിക്കാനാണെന്നും ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഖേദപ്രകടനത്തിൽ മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ എഡിറ്റ് നടത്തിയത്. മാത്രമല്ല ചിത്രത്തിലെ നായകനായ മോഹൻലാലിന് കഥ അറിയാമായിരുന്നെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹൻലാലിന് സിനിമയെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അറിയില്ലന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. എല്ലാവരും സിനിമയെ മനസിലാക്കിയവരാണ്. തെറ്റു ചെയ്യാൻ അല്ല സിനിമ എടുത്തത് ശരിയെന്ന് തോന്നിയത് കൊണ്ടാണ്. പുതിയ പതിപ്പ് ഇന്ന് വൈകിട്ട് തിയേറ്ററുകളിൽ എത്തുമെന്ന് കരുതുന്നതെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.









