കേരളത്തിൽ ഇഎംഎസിന്റെ നേൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് ഇന്ന് 68 വർഷമാകുന്നു. സിപിഐഎം മധുര പാർട്ടി കോൺഗ്രസ് നടക്കുമ്പോഴുള്ള ഈ ഓർമ്മപുതുക്കൽ പാർട്ടി പ്രവർത്തകർക്ക് ആവേശമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ഇഎംഎസ് 1962ൽ അവിഭക്ത പാർട്ടിയുടെയും 1978 മുൽ 92 വരെ സിപിഐഎമിന്റെയും ജനറൽ സെക്രട്ടറിയായിരുന്നു.
ഇഎംഎസ് അവസാനമായി പങ്കെടുത്ത പാർട്ടി സംസ്ഥാനസമ്മേളനം, 1998ലെ പതിനാറാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന പാലക്കാട് സമ്മേളനമാണ്. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഇഎംഎസിന്റെ മുന്നറിയിപ്പ്. ആ തെരഞ്ഞെടുപ്പിൽ അധികാരമേറ്റത് വാജ്പേയി സർക്കാർ. അധികാരാരോഹണം ആരും മറക്കുന്നുണ്ടാവില്ല. ഇഎംഎസ് ഈ ലോകത്തോടു തന്നെ വിടപറഞ്ഞ മാർച്ച് 19ന്. സ്വാതന്ത്ര്യാനന്തരം സ്വായത്തമാക്കിയ സകല മൂല്യങ്ങളും വിടപറയുന്നതാണ് പിന്നീടുള്ള പതിറ്റാണ്ടുകൾ രാജ്യം കണ്ടത്. രണ്ടാം മോദി സർക്കാറിലെത്തുമ്പോൾ പ്രക്രിയ ഭീകരരൂപമാർജിച്ചു.
ആ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിപിഐഎമിന്റെ 24ാം പാർട്ടി കോൺഗ്രസ് മധുരയിൽ അരങ്ങേറുന്നത്. കേരള പാർട്ടിയെയും പതിനാലു വർഷം ഇന്ത്യൻ പാർട്ടിയെയും നയിച്ച ഇഎംഎസ് നേതൃത്വം നൽകിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെയും വാർഷികമെത്തുന്നത്. ജന്മിത്തം അവസാനിപ്പിക്കുന്നു, ഭൂപരിധി നിശ്ചയിക്കുന്നു, കുടിയാന്മാർക്ക് സ്ഥിരാവകാശം നൽകുന്നു, കുടിയൊഴിക്കൽ നിരോധിക്കുന്നു, മിച്ചഭൂമികൾ പിടിച്ചെടുത്ത് വിതരണം ചെയ്യുന്നു. കാർഷിക-വ്യാവസായിക ബന്ധബിൽ, സാർവത്രിക വിദ്യാഭ്യാസ ബിൽ. ആരോഗ്യരംഗത്തെയും പൊതുവിതരണ രംഗത്തെയും വിപ്ലവങ്ങൾ.
കേരളം ലോകത്തിനും രാജ്യത്തിനും മാതൃകയായി ബഹുദൂരം മുന്നേറിയതിന്റെ അടിസ്ഥാനം ഒരു ലോകസംഭവമായ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരാണ്. പിണറായി സർക്കാരും സംഭവബഹുലമായ ചരിത്രപാതയുടെ തുടർച്ചയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന് ഇഎംഎസ് സർക്കാരിനെ അട്ടിമറിച്ച കപ്രസിദ്ധമായ വിമോചനസമരമാണ് പിണറായി സർക്കാരിനെതിരെ പ്രതിപക്ഷവും കേന്ദ്രസർക്കാരും കിനാവു കാണുന്നത്. അവിടെ മഹാപുരുഷനായ ഇഎംഎസും ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരും തന്നെയാണ് വഴിവിളക്ക്.






