മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര. മലയാളത്തിൽ നിന്നുള്ള പുതിയ സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തിൽ ഒരു നായിക ടൈറ്റിൽ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാൽ റിലീസ് ദിനത്തിൽത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്‌സ് ഓഫീസ് കുതിപ്പ് ചരിത്രവുമായി. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ചും ഒരു റെക്കോർഡ് ഇട്ടിരുന്നു ചിത്രം. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബിൽ ഇതുവരെ ഇടംപിടിച്ചിരുന്നില്ല. അപ്പോഴാണ് ലോക ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 300 കോടി നേടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. നാളെയാണ് ഇത് (ഒക്ടോബർ 31). ഇപ്പോഴും ചിത്രം തിയറ്ററുകളിൽ തുടരുന്നുമുണ്ട്. ഒടിടിയിൽ എത്തുന്നതിന് മുൻപ് ചിത്രം നേടിയ കളക്ഷൻ എത്രയെന്ന് നോക്കാം. തിയറ്റർ റിലീസിൻറെ 65-ാം ദിനമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്‌നിൽകിൻറെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് (ഇന്നലെ വരെ) ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷൻ 156.73 കോടിയാണ്. ഇന്ത്യൻ ഗ്രോസ് ആവട്ടെ 183.67 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 119.9 കോടിയും ചിത്രം നേടി. എല്ലാം ചേർത്ത് ഇതുവരെ നേടിയ ആഗോള ഗ്രോസ് 303.57 കോടിയാണ്.
സൂപ്പർഹീറോ ജോണർ ആയതിനാലും മറുഭാഷാ പ്രേക്ഷകർക്കിടയിലും വലിയ ചർച്ചാവിഷയം ആയിരുന്നതിനാലും ഒടിടിയിലും ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർക്കിടയിൽ ഇതിനകം തന്നെ കാത്തിരിപ്പ് ഉയർന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനാവുന്ന ചാത്തൻ ആണ് ലോക ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം. അതിന് ശേഷം ദുൽഖർ, മമ്മൂട്ടി ചിത്രങ്ങളും വരും









