വിവാദങ്ങള്‍ക്കിടെ ടി പി കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ ചന്ദ്രശേഖരന്‍

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ചു. ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോള്‍ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോള്‍ നല്‍കിയിരിക്കുന്നത്. കൊടി സുനിയുടെ മദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോള്‍ അനുവദിച്ചത്.

തലശ്ശേരി കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ തലശ്ശേരിയിലെ വിക്ടോറിയ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും അടങ്ങുന്ന സംഘം പൊലീസിനെ നോക്കുകുത്തിയാക്കി മദ്യപിച്ചത്. ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പ്രതികളുടെ കൂട്ടാളികള്‍ കാറില്‍ മദ്യവുമായി കാത്തുനില്‍ക്കുകയായിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് തുടങ്ങി ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെയും കുറ്റവാളികളാണ് പൊലീസിനെ നോക്കുകുത്തിയാക്കി പരസ്യമായി മദ്യപിച്ചത്. പരാതി ഉയര്‍ന്നതോടെ ഹോട്ടലിന്റെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച തലശ്ശേരി എഎസ്പി മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ അവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വകുപ്പുതല നടപടി മാത്രമെടുത്ത് സംഭവം ഒതുക്കാനാണ് പൊലീസ് നീക്കം.

വിചാരണയ്ക്കായി കോടതിയില്‍ വരുമ്പോള്‍ എല്ലാം കൊടി സുനിയും സംഘവും പൊലീസിന്റെ കണ്‍മുന്നില്‍ വച്ച് സിഗരറ്റ് ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ട് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സിപിഎം അനുഭാവികളായ പ്രതികള്‍ക്ക് വേണ്ടി തലശ്ശേരി എഎസ്പിയും സംഘവും കേസ് ഒഴിവാക്കുന്നു എന്നാണ് ആരോപണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കൊടി സുനിയുടെ പരോള്‍ കഴിഞ്ഞ ദിവസമാണ് റദ്ദ് ചെയ്തത്. ജൂലൈ 17 നടന്ന പരസ്യ മദ്യപാനത്തില്‍ പൊലീസ് കേസെടുത്തിരുന്നെങ്കില്‍ 21ന് കൊടി സുനിക്ക് പരോള്‍ പോലും കിട്ടില്ലായിരുന്നു.

 

Top News from last week.