സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാജ്യം ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. രോഗശാന്തിയുടെയും പ്രത്യാശയുടെയും പ്രതീകമായ ആരോഗ്യപ്രവർത്തകരോടുള്ള നന്ദി പ്രകാശിപ്പിക്കാനാണ് ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്.
എന്തുകൊണ്ട് ജൂലൈ 1?
ഭാരതത്തിലെ പ്രശസ്തനായ ഭിഷഗ്വരനും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായിട്ടാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം, തന്റെ എൺപതാം ജന്മദിനമായ 1962 ജൂലൈ ഒന്നിനാണ് അന്തരിച്ചത്. വൈദ്യശാസ്ത്ര രംഗത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി 1991 മുതലാണ് കേന്ദ്ര സർക്കാർ ഈ ദിവസം ഡോക്ടേഴ്സ് ദിനമായി പ്രഖ്യാപിച്ചത്. ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഡോക്ടേഴ്സ് ദിന പ്രമേയം 2026
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം ഇതാണ്, ‘ബിഹൈൻഡ് ദ മാസ്ക്: ഹൂ ഹീൽസ് ദ ഹീലേഴ്‌സ്’. ഡോക്ടർമാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പ്രമേയം. മറ്റുള്ളവരെ പരിചരിക്കുന്നവർക്കും പരിചരണവും പിന്തുണയും ആവശ്യമാണെന്ന വലിയൊരു സന്ദേശമാണ് ഇത് നൽകുന്നത്. ഡോക്ടർമാർ നേരിടുന്ന അമിത ജോലിഭാരം, ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും അവർക്കായി മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യം അർഹിക്കുന്നതാണ്.
ദിനാചരണത്തിന്റെ പ്രാധാന്യം
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലും, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങളുടെ പശ്ചാത്തലത്തിലും ഡോക്ടർമാരുടെ ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുകയാണ്. കഠിനമായ ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും അതിജീവിച്ചാണ് പലപ്പോഴും അവർ പ്രവർത്തിക്കുന്നത്. ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, അവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും ഈ ദിനം സമൂഹത്തെ ബോധവത്കരിക്കുന്നു.
ഓരോ വ്യക്തിയുടെയും ജീവൻ നിലനിർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന വൈദ്യശാസ്ത്ര പ്രതിഭകൾക്ക് ആദരവും പിന്തുണയും പ്രഖ്യാപിക്കാൻ ഈ ദിനാചരണം വഴിയൊരുക്കുന്നു. രാജ്യത്തുടനീളം വിവിധ മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും ആദരിക്കൽ ചടങ്ങുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.









