സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്. 2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ (സംരക്ഷണ) നിയമം നിലവിലുള്ളതിനാൽ സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല.
ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും കടൽ പട്രോളിംഗിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 3 മറൈൻ ആംബുലൻസുകളും പ്രവർത്തിയ്ക്കുന്നുണ്ട്. ട്രോൾ ബാൻ കാലയളവിൽ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ പരിശീലനം പൂർത്തിയാക്കിയ 76 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ടി 9 മറൈൻ ജില്ലകളിലായി നിയോഗിക്കും.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.








