ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിൽ ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം സംബന്ധിച്ച ആശങ്കകൾ ലോകത്തെയാകെ പിടിച്ച് കുലുക്കുന്നതിനിടെയും ഭീഷണി തുടർന്ന് ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിൽ ബുധനാഴ്ചയ്ക്കകം ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ സൈനിക നീക്കം ശക്തമാക്കുമെന്ന സൂചനയാണ് ഈ പ്രസ്താവനയിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകുന്നത്.
അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ അദ്ദേഹം അനിശ്ചിതത്വം പ്രകടിപ്പിച്ചു. “ഒരുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, പക്ഷെ ഇറാൻ തുറമുഖങ്ങളിൽ ഉപരോധം തുടരും, നിർഭാഗ്യവശാൽ നമുക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ഇടപെടലുകൾ സ്തംഭിച്ച് നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. പാക്കിസ്ഥാനിൽ നടന്ന പരോക്ഷമായ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അണിയറ നീക്കങ്ങളിലൂടെ സംഘർഷം കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതിലും ആണവ കരാറുകളിലും ഇരുപക്ഷവും ഇപ്പോഴും ഭിന്നത തുടരുകയാണ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സംഘർഷം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കടൽപ്പാത സുരക്ഷിതമാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, മേഖലയിൽ അമേരിക്കൻ സമ്മർദ്ദം തുടർന്നാൽ കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നാവികസേനാ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെ നിന്ന് പുറത്ത് കടക്കാനോ ശ്രമിക്കുന്ന കപ്പലുകളെ അമേരിക്കൻ നാവികസേന തിരിച്ചയക്കുകയാണ്. എന്നാൽ ഈ നീക്കം നിയമവിരുദ്ധവും പ്രകോപനപരവുമാണെന്നാണ് ഇറാൻ പറയുന്നത്.
വിയോജിപ്പുകൾ വർദ്ധിക്കുന്നു
മേഖലയിൽ അമേരിക്കയുടെ ഉപരോധം തുടരുന്നത് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ നേരിട്ട് ബാധിക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എണ്ണ വിതരണ തടസ്സങ്ങളെ ഭയപ്പെടുന്ന ആഗോള വിപണികളിൽ ഇത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ചർച്ചകൾക്ക് തയ്യാറാണെന്ന് ഇരുപക്ഷവും പരസ്യമായി പറയുന്നുണ്ടെങ്കിലും, വിയോജിപ്പുകൾ വർദ്ധിച്ച് വരികയാണെന്നതിനുള്ള തൊളിവാണ് ട്രംപിന്റെ പുതിയ ഭീഷണി പ്രസ്താവനകൾ.
കരാറിൽ എത്താൻ കഴിയുമെന്ന ആത്മവിശ്വാസം ട്രംപ് പ്രകടിപ്പിക്കുമ്പോഴും ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിക്കാനിരിക്കെ നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടാകുമോ അതോ ഈ വെടിനിർത്തൽ മറ്റൊരു വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം.







