വാഷിങ്ടൺ: രണ്ടാഴ്ചത്തെ പരസ്പര ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തീരുമാനം നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കുമെന്നും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുമെന്നുമുള്ള പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 4.1 ശതമാനം കുറഞ്ഞ് 92.82 ഡോളറിലും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 4.5 ശതമാനം ഇടിഞ്ഞ് 85.29 ഡോളറിലുമെത്തി. നേരത്തെ സംഘർഷങ്ങൾ മൂലം ബ്രെന്റ് ക്രൂഡ് വില 100 ഡോളർ വരെ ഉയർന്നിരുന്ന സ്ഥാനത്താണ് കഴിഞ്ഞ മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എണ്ണവില എത്തിയത്.
ആക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും ഹോർമൂസ് കടലിടുക്കിലൂടെയും ഹൂതി ആക്രമണങ്ങളെത്തുടർന്ന് ബാബ് എൽ-മന്ദെബ് വഴിയുമുള്ള ചരക്കുനീക്കം പൂർണ്ണതോതിൽ പുനരാരംഭിച്ചിട്ടില്ലെന്ന് കെപ്ലർ ഷിപ്പിംഗ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷയിൽ വ്യക്തത വരാതെ കമ്പനികൾ സർവീസ് ആരംഭിക്കാൻ മടിക്കുകയാണ്. റഷ്യൻ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണവും മിഡിൽ ഈസ്റ്റിലെ അനിശ്ചിതത്വങ്ങളും വിതരണത്തെ ബാധിച്ചാൽ എണ്ണവില വീണ്ടും ഉയർന്നേക്കാമെന്നും, ഇത് ആഗോള പണപ്പെരുപ്പത്തിന് ഭീഷണിയായേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.









