ട്രംപിൻറെ താരിഫ് ഭീഷണി; ഇന്ത്യ സംയമനത്തോടെ കൈകാര്യം ചെയ്യും

ദില്ലി: തീരുവ വിഷയത്തിൽ പരമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂ എന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യുഎസ് നിർദേശിക്കും പോലെ തീരുമാനിക്കാനാവില്ലെന്നാണ് നിലപാട്. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച തീരുവയിൽ ഒത്തുതീർപ്പിനില്ലെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ നിലപാട്.

ട്രംപിൻറെ തീരുവ ഭീഷണി നേരിടാൻ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്ക്കുമെന്ന് ബ്രസീൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചർച്ച നടത്തിയെന്ന് ബ്രസീൽ പ്രസിഡൻറ് ലുല ദ സിൽവ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഒരു മണിക്കൂർ നീണ്ടു നിന്ന സംഭാഷണമാണ് രണ്ടു നേതാക്കളും നടത്തിയത്.

തീരുവ സമ്മർദ്ദം നേരിടാനുള്ള വഴികൾ ബ്രിക്‌സ് രാജ്യങ്ങൾ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സിൽവയും മോദിയുമായുള്ള ചർച്ചയെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ തീരുവ സംബന്ധിച്ച പരാമർശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കർഷക താല്പര്യം സംരക്ഷിക്കാൻ എന്തുവിലയും നല്കാൻ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

Top News from last week.