കണ്ണൂർ ചാൽ ബീച്ചിൽ ‘സുനാമി’ മുന്നറിയിപ്പ്; പോലീസും ഫയർഫോഴ്സും കുതിച്ചെത്തി, ആളുകളെ മാറ്റിപ്പാർപ്പിച്ചു


കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ സുനാമി മുന്നറിയിപ്പിനെ തുടർന്ന് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും പാഞ്ഞെത്തി പ്രദേശവാസികളെ അടിയന്തരമായി വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമിനെയും സ്ഥലത്ത് സജ്ജീകരിച്ചിരുന്നു.

എന്നാൽ, ഭാവിയിലുണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുനാമി മോക് ഡ്രിൽ ആയിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ 9.30-ഓടെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകുകയും സൈറൺ മുഴങ്ങുകയും ചെയ്തതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. തുടർന്ന് തീരദേശവാസികളായ 50-ഓളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് ആദ്യം സമീപത്തുള്ള ഇ.എം.എസ് മന്ദിരത്തിലേക്കും പിന്നീട് ഗവ. ഓൾഡ് ഏജ് ഹോമിലെ ഷെൽട്ടർ ക്യാമ്പിലേക്കും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനവും പ്രതികരണ വേഗതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.









