സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന ട്വന്റിഫോര്‍ വാര്‍ത്ത; ക്രൈംബ്രാഞ്ച് ഉടന്‍ ഇന്റര്‍പോളിന് നോട്ടീസ് അയക്കും


തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഉടന്‍ ഇന്റര്‍പോളിന്, ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കും. ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി ഇന്റര്‍പോളിന് കത്ത് നല്‍കും. ട്വന്റിഫോര്‍ പുറത്തു വിട്ട ചിത്രം ഉള്‍പ്പടെ വിശദമായ പരിശോധനയ്ക്കാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജോണ്‍ മേനോന്‍ എന്ന പേരില്‍ ബ്രൂണോയില്‍ കഴിഞ്ഞിരുന്ന ആളെ കുറിച്ചാണ് അന്വേഷണം. പുറത്തു വന്ന പാസ്‌പോര്‍ട്ട് വിവരങ്ങളെ കുറിച്ചും വിവരം തേടും. ക്രൈം ബ്രാഞ്ച് ലോങ് പെന്റിങ് എന്ന് വിധിയെഴുതിയ കേസിലാണ് പുതിയ വഴിത്തിരിവ്

നാല് പതിറ്റാണ്ടിലേറെയായി കേരളം അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത് ട്വന്റിഫോറാണ്. കാല്‍ നൂറ്റാണ്ടായി സുകുമാരക്കുറുപ്പ് ഒളിവില്‍ കഴിയുന്ന ബ്രൂണൈയിലെ ഒളിത്താവളത്തില്‍ ട്വന്റിഫോര്‍ പ്രതിനിധി ശ്രീനാഥ് ചന്ദ്രന്‍ എത്തി.ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ വന്‍ദുരൂഹതയേറ്റിയ കേസില്‍, അതിനിര്‍ണായക മാധ്യമദൗത്യമാണ് ട്വന്റിഫോര്‍ നിര്‍വഹിച്ചത്.സകലമാന അന്വേഷണ ഏജന്‍സികളെയും പതിറ്റാണ്ടുകളോളം കബളിപ്പിച്ച സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന രാജ്യത്തെ ഞെട്ടിക്കുന്ന സത്യമാണ് ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിട്ടത്. 1984 ലെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ സുകുമാരക്കുറുപ്പിന്റെ ചിത്രം ആദ്യമായി ട്വന്റിഫോറിലൂടെ ലോകം കണ്ടു.
പേര് മാറ്റിയും ദുരൂഹത ഉണര്‍ത്തുന്ന പെരുമാറ്റവുമായി കാല്‍നൂറ്റാണ്ടായി ബ്രൂണൈയില്‍ ജീവിക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ബ്രൂണൈയിലെ ഉള്‍പ്രദേശത്ത് സുകുമാരക്കുറുപ്പ് മാറി മാറി കഴിയുന്ന ഒളിത്താവളങ്ങള്‍ക്ക് മുന്നില്‍ ട്വന്റിഫോര്‍ സംഘമെത്തി.നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് ട്വന്റിഫോര്‍ അന്വേഷണത്തില്‍ കണ്ടെത്തി. മലേഷ്യയില്‍ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അകന്നാണ് കഴിഞ്ഞത്. എണ്‍പതിനോട് ആടുത്ത് പ്രായമുള്ള സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനെന്ന്, ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനെ നേരില്‍ കണ്ടവര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉള്ളത് പ്രായത്തിന്റെ ചെറിയ അവശതകള്‍ മാത്രം.
ഒരു ചെറുസൂചനയില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് സുകുമാരക്കുറുപ്പിനെ തേടിയുള്ള ട്വന്റിഫോര്‍ അന്വേഷണത്തിന്റെ തുടക്കം. ലഭിച്ച വിവരങ്ങളില്‍ ചെക്കിങും ക്രോസ് ചെക്കിങും നടത്തിയ ശേഷം ട്വന്റിഫോര്‍ പ്രതിനിധി ശ്രീനാഥ് ചന്ദ്രന്‍ ബ്രൂണെയിലെത്തി. സുകുമാരക്കുറുപ്പ് എത്താനിടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം. അതിലൊന്നാണ് ഭക്ഷണം കഴിക്കാനെത്തുന്ന ഈ റസ്റ്ററന്റ്. സുകുമാറക്കുറുപ്പിന്റെ ചിത്രം പകര്‍ത്തിയ മലയാളിയിലേക്കാണ് പിന്നീട് എത്തിയത്.









