നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന ധർമ്മടം നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദിന്റെ പര്യടനം ആവേശത്തിന്റെ പുതിയ തലങ്ങളിലേക്ക്. മണ്ഡലത്തിലെ പ്രമുഖ കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വോട്ടഭ്യർത്ഥന വിദ്യാർത്ഥി ലോകം ഏറ്റെടുത്തു. രാവിലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് പരിസരത്ത് നിന്ന് തുടങ്ങിയ പര്യടനം പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്, മമ്പറം ഹയർസെക്കൻഡറി സ്കൂൾ, മാമ്പ ബി.എഡ് കോളേജ് എന്നിവിടങ്ങളിലെത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വൻതോതിലുള്ള വിദ്യാർത്ഥി പങ്കാളിത്തമാണ് ഓരോ ക്യാമ്പസിലും ദൃശ്യമായത്. വരുംതലമുറയുടെ വോട്ടുകൾ ഉറപ്പിച്ചും വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും പ്രശ്നങ്ങൾ കേട്ടുമാണ് സ്ഥാനാർത്ഥി ഓരോ ഇടങ്ങളിലും മുന്നേറിയത്.
ചക്കരക്കല്ലിൽ നടന്ന വനിതാ ലീഗ് നിയോജകമണ്ഡലം കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു. സ്ത്രീശക്തിയുടെ വലിയ പിന്തുണ വിളിച്ചോതുന്നതായിരുന്നു കൺവെൻഷനിലെ ജനപങ്കാളിത്തം. പര്യടനത്തിന് ആവേശം പകർന്ന് വൈകുന്നേരം മമ്പറം ടൗണിൽ നടന്ന വമ്പിച്ച റോഡ് ഷോ മണ്ഡലത്തിലെ യു.ഡിmഎഫ് തരംഗം വ്യക്തമാക്കുന്നതായിരുന്നു.നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്ന റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ കാണാൻ വഴിയോരങ്ങളിൽ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണ വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നതാണെന്ന് വി.പി അബ്ദുൽ റഷീദ് പറഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ കരുത്തുറ്റ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്












