കണ്ണൂർ: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കെ കണ്ണൂരിൽ യുഡിഎഫ് പ്രചരണം ടോപ്പ് ഗിയറിലേക്ക്. കെപിസിസി അധ്യക്ഷൻ കൂടിയായ കെ.സുധാകരൻ മത്സരിക്കുന്ന കണ്ണൂരിലേക്ക് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ദേശീയ- സംസ്ഥാന നേതാക്കളുടെ വൻ നിര തന്നെയാണ് പ്രചരണ രംഗത്തേക്ക് എത്തുന്നത്. ഇതിനുപുറമേ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരും കെ സുധാകരന്റെ പ്രചരണാർത്ഥം മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്.
മഹാറാലികൾ, കുടുംബ സംഗമങ്ങൾ, ഭവന സന്ദർശനം, പൊതുസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ നേതാക്കൾ പങ്കെടുക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ് . ഒന്നും രണ്ടും പ്രചരണം പൂർത്തിയാക്കിയ യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടർ അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. അവസാനഘട്ട പ്രചരണത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി നിരവധി നേതാക്കൾക്കൂടി കണ്ണൂർ മണ്ഡലത്തിലേക്ക് എത്തുന്നതോടുകൂടി യുഡിഎഫിന്റെ പ്രചരണം രംഗം കൊഴുക്കും.
രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, കനയകുമാർ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ , രേവന്ത റെഡ്ഢി, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യുഡിഎഫ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി,എം കെ മുനീർ, ഷിബു ബേബി ജോൺ, സിപി ജോൺ,അനുജേക്കബ്,പി കെ ഫിറോസ്, എഐസിസി സെക്രട്ടറിമാരായ പി സി വിഷ്ണുനാഥ്, റോജി എം ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജെ ബി മേത്തർ, കെഎസ് യു സംസ്ഥാന പ്രസിഡൻറ് അലോഷി സേവ്യർ തുടങ്ങിയ നേതാക്കൾ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണ്ണൂർ സജീവമാകും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നയിക്കുന്ന റോഡ് ഷോ 16ന് ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആരംഭിച്ച് ഇരിട്ടി ബസ്റ്റാൻഡിൽ സമാപിക്കും.