കണ്ണൂര്‍: ചാല്‍ ബീച്ച് പരിപാലനത്തിലും ബീച്ച് ഫെസ്റ്റ് നടത്തിപ്പിലും നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പും വെട്ടിപ്പുമാണെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍കരീം ചേലേരി പറഞ്ഞു. ചാല്‍ ബീച്ച് ഫെസ്റ്റ് അഴിമതിക്കെതിരേ യുഡിഎഫ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി മൂന്നുനിരത്തില്‍ സംഘടിപ്പിച്ച ജനകീയവിചാരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ല്‍ ഡി.ടി.പി.സി. ഒരു ക്വട്ടേഷനിലൂടെ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം 31700 രൂപക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ബീച്ചിന്റെ നടത്തിപ്പ് 2018 ലാണ് ചാല്‍ ബീച്ച് കുടുംബശ്രീ ക്ലീനിങ്ങ് ഗ്രൂപ്പ് എന്ന ഏജന്‍സിയെ ഏല്പിച്ചത്. ഇതിന്റെ കാലാവധി 2022 ല്‍ അവസാനിച്ചപ്പോള്‍ തുടര്‍ന്ന് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കുടുംബ ശ്രീയെ ഏല്പിക്കുകയുണ്ടായി. 2024 ല്‍ ബീച്ച് ഫെസ്റ്റിന്റെ നടത്തിപ്പു ചുമതലയും കുടുംബശ്രീക്ക് നല്‍കുകയുണ്ടായി. എന്നാല്‍ ഡി.ടി.പി.സി.യെയും കുടുംബശ്രീയെയും നോക്കുകുത്തിയാക്കി സി.പി.എം. ബ്രാഞ്ച്, ലോക്കല്‍ നേതാക്കള്‍ ഉള്‍പ്പെട്ട നക്ഷത്ര ടൂറിസം ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്റ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ബീച്ച് ഫെസ്റ്റിന്റെ ചുമതലയും പരിപാലനവും നടത്തുന്നത്. അതേ സമയം നക്ഷത്ര സൊസൈറ്റിയുമായി യാതൊരു വിധ എഗ്രിമെന്റിലും ഡി.ടി.പി.സി. ഏര്‍പ്പെട്ടിട്ടില്ലെന്നും അവരില്‍ നിന്ന് ഒരു റവന്യൂ വരുമാനവും കിട്ടുന്നില്ലെന്നും ഡി.ടി.പി.സി. ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഇതൊരു സ്വകാര്യ സ്ഥാപനമാണെന്നും ഇവരുമായി യാതൊരു ബന്ധവും ഇല്ലെന്നും ജില്ലാകലക്ടറും ഡി.ടി.പി.സി.യും പറയുന്നു. അതേ സമയം 2024 ല്‍ ബീച്ച് ഫെസ്റ്റിന് അച്ചടിച്ച് നല്‍കിയ ടിക്കറ്റിലൂടെ ഗൂഗിള്‍ പേയായും ഫോണ്‍ പേയായും ജനങ്ങള്‍ നല്‍കുന്ന ടിക്കറ്റ് ചാര്‍ജ്ജ് ഫെഡറല്‍ ബേങ്കിലുള്ള നക്ഷത്ര ടൂറിസം സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് അബ്ദുള്‍കരീം ചേലേരി പറഞ്ഞു.
കുടുംബശ്രീയുടെ അക്കൗണ്ടിലേക്ക് വരേണ്ടുന്ന തുക നക്ഷത്ര സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് പോകുന്നത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. നക്ഷത്ര സൊസൈറ്റിയില്‍ നിന്ന് യാതൊരു വരുമാനവും ഡി.ടി.പി.സി ക്ക് ലഭിക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ബീച്ച് ഫെസ്റ്റില്‍ നിന്നുള്ള വരുമാനം ആരുടെ അക്കൗണ്ടിലൂടെയാണ് ഡി.ടി.പി.സി.ക്ക് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഫെസ്റ്റില്‍ നിന്നുള്ള വരുമാനത്തിന്റെ 25% ഡി.ടി.പി.സി.ക്ക് നല്‍കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏത് അക്കൗണ്ടില്‍ നിന്ന് എത്ര രൂപ ഡി.ടി.പി.സി.ക്ക് ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ബിനാമി സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അബ്ദുള്‍ കരിം ചേലേരി ആവശ്യപ്പെട്ടു.
സി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പ്രമോദ്, ടി.ജയകൃഷ്ണന്‍, രജിത് നാറാത്ത്, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.വി. സന്തോഷ്, ബി.കെ. അഹമ്മദ്, പി. സന്തോഷ്, ബിജു ഉമ്മര്‍, ടി.കെ. അജിത്, കല്ലിക്കോടന്‍ രാഗേഷ്, കുക്കിരി രാജേഷ്, വി.വി. സജിത്ത്, ടി എം മോഹനന്‍, സി.സജിത്ത് പ്രസംഗിച്ചു.









