യുജിസി നെറ്റ് ജൂൺ 2026: താൽക്കാലിക ഉത്തരസൂചികയും ഫലങ്ങളും പുറത്തിറക്കണം; കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിക്ക് ഡോ. വി ശിവദാസ് എംപി കത്തു നൽകി

യുജിസി നെറ്റ് ജൂൺ 2026 ലെ താൽക്കാലിക ഉത്തരസൂചികയും ഫലങ്ങളും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പുറത്തിറക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രഹ്ലാദ്  ജോഷിക്ക് ഡോ.വി ശിവദാസൻ എംപി കത്ത് നൽകി.നെറ്റ് പരീക്ഷ അവസാനിച്ച് 30 ദിവസമായിട്ടും ഉത്തരസൂചികയും ഫലങ്ങളും ലഭ്യമാക്കാത്തത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ വളരെയധികം ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

ഫെലോഷിപ്പുകൾ,അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, അക്കാദമിക് കരിയർ അവസരങ്ങൾ എന്നിവയ്ക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികളെ ഈ കാലതാമസം പ്രതികൂലമായി ബാധിക്കുന്നു. പരീക്ഷ നടത്തിപ്പുകളിൽ തുടർച്ചയായി വരുത്തുന്ന അനാസ്ഥകളെത്തുടർന്ന് പ്രതിസ്ഥാനത്ത് നിൽക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി , അതിൻ്റെ പ്രവർത്തനങ്ങളിൽ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ല എന്നതാണ് നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക വൈകുന്നതിലൂടെ വ്യക്തമാകുന്നത്.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യാർത്ഥം, യുജിസി നെറ്റ് ജൂൺ 2026ലെ ഉത്തരസൂചികയും ഫലങ്ങളും എത്രയും വേഗം പുറത്തിറക്കാൻ എൻ‌ടി‌എയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിക്കണം എന്ന് ഡോ. വി ശിവദാസൻ എംപി കത്തിൽ ആവശ്യപ്പെട്ടു.

Top News from last week.