ലണ്ടന്‍: വോട്ടിങ് പ്രായം 16 ആക്കാനുള്ള നീക്കവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ . അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രായം പതിനാറ് ആക്കാനാണ് ആലോചന. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളുടെയും വോട്ടിങ് പ്രായം പതിനാറ് ആക്കി കുറയ്ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ യുകെയിലുടനീളമുള്ള വോട്ടവകാശങ്ങളെ സ്‌കോട്ട്‌ലന്‍ഡുമായും വെയില്‍സുമായും യോജിപ്പിക്കും.
നിലവില്‍, സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും പതിനാറും പതിനേഴും വയസ്സ് പ്രായമുള്ളവര്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, യുകെയിലുടനീളമുള്ള പൊതുതെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പ്രായം 18 ആണ്. 1969ല്‍ യുകെയില്‍ വോട്ടിങ് പ്രായം 21ല്‍ നിന്ന് 18 ആയി കുറയ്ക്കുകയായിരുന്നു.
വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നു
രാജ്യത്തെ പോളിങ് ശതമാനം കുറയുന്നത് വോട്ടിങ് പ്രായത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. 2001ന് ശേഷമുള്ള പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നതായി കണ്ടെത്തിയിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 59.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2001ന് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ് നിരക്കാണിതെന്ന് പാര്‍ലമെന്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടി മുന്‍പ് വ്യക്തമാക്കിയിരുന്നു.









