കീവ്: റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച ബുധനാഴ്ച തുര്‍ക്കിയില്‍ നടക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി . ഇസ്താംബൂളില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ആഴ്ചകള്‍ക്കു ശേഷമാണ് യുക്രൈയ്‌നും റഷ്യയും തമ്മില്‍ ചര്‍ച്ചയ്ക്ക് വീണ്ടും വഴിതെളിയുന്നത്. 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനു മേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പുതിയ ചര്‍ച്ച.
യുക്രെയ്‌നിയന്‍ സുരക്ഷാ കൗണ്‍സില്‍ തലവന്‍ റുസ്തം ഉമെറോവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് സെലെന്‍സ്‌കി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് സമാധാന നീക്കങ്ങളിലേക്ക് രാജ്യങ്ങള്‍ കടക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ യുക്രൈനും റഷ്യയും പരസ്പരം ഡ്രോണാക്രമണം ശക്തമാക്കിയിരിക്കുകയാണ്. 426 ഡ്രോണുകളും 24 മിസൈലുകളും ഉപയോഗിച്ചുള്ള റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 2 പേര്‍ മരിച്ചു. കുട്ടി ഉള്‍പ്പെടെ 15 പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണുകളില്‍ പകുതിയോളം ലക്ഷ്യം കാണുംമുന്‍പു യുക്രൈന്‍ സേന തകര്‍ത്തു.











