അൾട്രാവയലറ്റ് വില്ലനായേക്കും; ഈ ജില്ലകളിൽ അതീവ ജാഗ്രത

സംസ്ഥാനത്തെ നാല് ജില്ലകളിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് (UV Index) ആശങ്കാജനകമായ രീതിയിൽ തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് (28/04/2026) ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  40 °C വരെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.   കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും

തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ഇന്ന് (28/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അൾട്രാവയലറ്റ്: ജാഗ്രത വേണം

അതേസമയം സംസ്ഥാനത്തെ നാല് ജില്ലകളിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് (UV Index) ആശങ്കാജനകമായ രീതിയിൽ തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 28 ന് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ നാല് സ്റ്റേഷനുകളിലാണ് യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയത്.  ഈ ജില്ലകളിൽ അതീവ ജാഗ്രത അർത്ഥമാക്കുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ സ്റ്റേഷനുകൾ
കോന്നി (പത്തനംതിട്ട )
ചെങ്ങന്നൂർ (ആലപ്പുഴ)
ചങ്ങാനാശ്ശേരി (കോട്ടയം)
മൂന്നാർ (ഇടുക്കി)

ജാഗ്രതാ നിർദേശം

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

Top News from last week.