പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ അനിശ്ചിതത്വം; മൂന്ന് മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തിന് പച്ചക്കൊടി കാട്ടാതെ മുഖ്യമന്ത്രി


തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനം വൈകുന്നു. മെയ് 18-ന് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന്റെ പേര് മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ഇത് സംബന്ധിച്ച ഫയൽ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും വിഷയത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

നേരത്തെ എം.എൽ.എയായിരുന്നപ്പോഴും പിന്നീട് മന്ത്രിയായപ്പോഴും കെ.സി. വേണുഗോപാലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാലിനും താൽപ്പര്യമുള്ളയാളെ തന്നെ പി.എസ് ആക്കണമെന്ന ആവശ്യമാണ് മന്ത്രി വീണ്ടും ഉന്നയിച്ചിട്ടുള്ളത്. എങ്കിലും മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെക്കാത്തതാണ് നിയമനം നീളാൻ കാരണം. അതേസമയം, വിഷയം വിവാദമായിട്ടും ഇതുവരെ പരസ്യ പ്രതികരണത്തിന് മന്ത്രി തയ്യാറായിട്ടില്ല.









