ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി (Realme) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ജിടി 7 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകൾ, ഉയർന്ന റെസല്യൂഷൻ ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള സ്പെസിഫിക്കേഷനുകളോടെയാണ് ഫോൺ വിപണിയിൽ എത്തിയത്.
റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അടിസ്ഥാന 12GB + 256GB വേരിയന്റിന് 59,999 രൂപയും 16GB + 512GB വേരിയന്റിന് 65,999 രൂപയുമാണ് വില വരിക. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് 3000 രൂപയുടെ കിഴിവ് നേടാം. ഫോൺ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ.
റിയൽമി ജിടി 7 പ്രോയിൽ 120 ശതമാനം DCI-P3 കളർ ഗാമട്ടും 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള 1.5K റെസല്യൂഷൻ റിയൽ വേൾഡ് Eco² ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 3nm പ്രോസസ്സിൽ നിർമ്മിച്ചതും 4GHzൽ കൂടുതൽ ക്ലോക്ക് സ്പീഡ് നൽകാൻ കഴിവുള്ളതുമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.
റിയൽമിയുടെ NEXT AI സ്യൂട്ട്, AI സ്‌കെച്ച് ടു ഇമേജ്, AI മോഷൻ ഡെബ്ലർ, AI സൂം അൾട്രാ ക്ലാരിറ്റി എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും ഫോൺ വാഗ്ദാനം ചെയ്യുന്നു.കാമറ വിഭാഗത്തിൽ സോണി IMX882 സെൻസറോടുകൂടിയ 3എക്സ് ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ലെൻസും വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങൾ അനായാസം ചിത്രീകരിക്കാൻ കഴിയുന്ന അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡും ഉൾപ്പെടുന്നു. 120W SUPERVOOC ചാർജിങ്ങിനുള്ള പിന്തുണയുള്ള 5800mAh സിലിക്കൺ ബാറ്ററിയാണ് മറ്റൊരു സവിശേഷത.




