അമേരിക്കയും ഇറാനും വീണ്ടും ചർച്ചയ്ക്ക്; പുതിയ നയതന്ത്ര ചർച്ചകൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചേക്കും

ചർച്ചയുടെ കൃത്യമായ സ്ഥലവും അജണ്ടയും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉന്നതതല പ്രതിനിധികൾ ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ അമേരിക്കയും ഇറാനും വീണ്ടും ചർച്ചയുടെ മേശയിലേക്ക്. വ്യാഴാഴ്ച മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകൾ ആരംഭിച്ചേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇരുവിഭാഗവും പൂർത്തിയാക്കിയതായാണ് സൂചന. പശ്ചിമേഷ്യയിലെ സമാധാന പുനഃസ്ഥാപനത്തിനും നിലവിലെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്തതനുസരിച്ച്, വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചർച്ചകൾക്കായി ഇരുഭാഗത്തും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ചർച്ചയുടെ കൃത്യമായ സ്ഥലവും അജണ്ടയും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉന്നതതല പ്രതിനിധികൾ ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.  
നയതന്ത്ര സ്തംഭനം നീക്കാൻ ശ്രമം

കഴിഞ്ഞ കുറച്ചു കാലമായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സൈനികവും നയതന്ത്രപരവുമായ സ്തംഭനാവസ്ഥ ഇല്ലാതാക്കുകയാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ധാരണയിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നു. പുതിയ ചർച്ചാ ഘട്ടം ആരംഭിക്കുന്നത് ഒരു നല്ല സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്. ഭാവിയിൽ വലിയ കരാറുകളിലേക്ക് എത്താൻ ഇത് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പശ്ചിമേഷ്യയിൽ ചലനങ്ങൾ ശക്തം
ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആഗോള നയതന്ത്ര തലത്തിൽ വലിയ ചലനങ്ങളാണുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചർച്ചകൾ വിജയകരമായാൽ അത് ആഗോള സ്ഥിരതയിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറും.

‘പന്ത് ഇറാൻ്റെ കോർട്ടിൽ’

നേരത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പാകിസ്താനിൽ നടന്ന ചർച്ചകളിൽ ഇറാന് മുന്നിൽ അമേരിക്കയുടെ മുൻഗണനകൾ വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ഭാവി നിർണ്ണയിക്കാനുള്ള താക്കോൽ ഇറാന്റെ കൈവശമാണെന്നും പന്ത് ഇപ്പോൾ അവരുടെ കോർട്ടിലാണെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമില്ലാതെയാണ് അവസാനിച്ചതെങ്കിലും ചർച്ചകളുടെ വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്.

ഗൾഫ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ വാരന്ത്യത്തിൽ പാകിസ്താനിലെത്തിയ വാൻസ് ഇറാനിയൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ തീരുമാനമായിരിക്കും ഇനി കാര്യങ്ങൾ നിശ്ചയിക്കുകയെന്ന് അദ്ദേഹം പറഞ്ഞത്.

ചർച്ചകൾ ഗുണകരമായിരുന്നു

ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വാൻസ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര എണ്ണക്കടത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള അമേരിക്കയുടെ മുൻഗണനകൾ വ്യക്തമാക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചു. “എല്ലാം തെറ്റായിപ്പോയി എന്ന് ഞാൻ പറയില്ല. ചില നല്ല മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ (ഇറാൻ) ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെങ്കിലും അത് മതിയായതല്ല,” വാൻസ് പറഞ്ഞു.ഇറാനിയൻ പ്രതിനിധികൾക്ക് ഒരു കരാറിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കാത്തതാണ് ചർച്ചകൾ ഫലം കാണാതെ അവസാനിക്കാൻ കാരണം. ഇറാൻ പരമോന്നത നേതാവിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകൾക്ക് അംഗീകാരം വാങ്ങാൻ അവർക്ക് ടെഹ്‌റാനിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. ഇറാനിൽ ആരാണ് യഥാർത്ഥത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section