ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക; തിങ്കളാഴ്ച മുതൽ കപ്പൽ ഗതാഗതം തടയും

ഇറാൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഈ ഉപരോധം ബാധിക്കില്ലെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിലെ എല്ലാ തുറമുഖങ്ങൾക്കും നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച ഈസ്റ്റേൺ ടൈം (ET) രാവിലെ 10 മണി (ഇന്ത്യൻ സമയം രാത്രി 7.30) മുതൽ ഇറാനിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.

ഇറാനിയൻ തുറമുഖങ്ങളും അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും തീരപ്രദേശങ്ങളും ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കപ്പലുകൾക്കെതിരെ വിവേചനമില്ലാതെ ഈ ഉപരോധം നടപ്പിലാക്കുമെന്ന് സെൻട്രൽ കമാൻഡ് എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി

ഹോർമുസ് കടലിടുക്കിലെ ഗതാഗതം

ഇറാൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഈ ഉപരോധം ബാധിക്കില്ലെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിന് സമീപവും സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും യുഎസ് നാവികസേനയുമായി ആശയവിനിമയം നടത്തണമെന്നും നിർദ്ദേശമുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ ‘നിയമവിരുദ്ധമായ ടോൾ’ നൽകുന്ന കപ്പലുകളെ പ്രധാനമായും ലക്ഷ്യം വെക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പെട്രോ ഡോളർ വ്യവസ്ഥയെ വെല്ലുവിളിച്ച് ചൈനീസ് യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് തടയാനും ഈ നീക്കം ലക്ഷ്യമിടുന്നു. ഇതോടെ ചൈനയ്ക്കും ഇറാനുെമെതിരെ വാഷിംഗ്ടൺ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയിരിക്കുകയാണ്.

പരിഹാസവുമായി ഇറാൻ സ്പീക്കർ

അമേരിക്കയുടെ ഉപരോധ നീക്കത്തെ പരിഹസിച്ചുകൊണ്ട് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് രംഗത്തെത്തി. ഉപരോധം മൂലം അമേരിക്കയിലെ ഇന്ധനവില കുതിച്ചുയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “നിലവിലെ ഇന്ധന നിരക്കുകൾ ആസ്വദിച്ചോളൂ. ഉപരോധം വരുന്നതോടെ ഗാലന് 4-5 ഡോളർ എന്ന പഴയ നിരക്കിനായി നിങ്ങൾ കൊതിക്കും,” ഖാലിബാഫ് എക്സിൽ കുറിച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ തടസ്സം പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

ഹോർമുസിൽ മുഖാമുഖം

ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകളെ തങ്ങൾ തുരത്തിയോടിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് വന്നാൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പിൻവാങ്ങിയെന്നാണ് ടെഹ്‌റാന്റെ വാദം. എന്നാൽ അമേരിക്ക ഈ റിപ്പോർട്ടുകൾ തള്ളി. യുഎസ് ഡിസ്ട്രോയറുകളായ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് മൈക്കൽ മർഫി എന്നിവ തടസ്സങ്ങളില്ലാതെ ഹോർമുസ് കടന്ന് അറേബ്യൻ ഗൾഫിൽ പ്രവേശിച്ചതായും അവിടെ മൈൻ നീക്കം ചെയ്യൽ നടപടികൾ തുടരുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ഇരുപക്ഷവും വ്യത്യസ്തമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാക്കുന്നു.

Top News from last week.

Latest News

More from this section