ഭാവിയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറുകൾ പാലിക്കുന്നത് തുടരുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥനായി രംഗത്തെത്തിയ പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു
ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ പിന്നോട്ട് പോയിട്ടില്ല. ചർച്ചകളിൽ പങ്കെടുത്തതിന് ഇറാനും അമേരിക്കയ്ക്കും വിദേശകാര്യ മന്ത്രി ഇസഹാഖ് ദാർ നന്ദി പറഞ്ഞു.
സമാധാന ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത്തരത്തിലുള്ള ഒരു ചർച്ചക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് പാക്കിസ്ഥാന്റെ ബഹുമതിയാണെന്ന് മന്ത്രി അവകാശപ്പെട്ടത്. “ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടത്തിയതിന് ഇറാനും അമേരിക്കയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ലോകമെമ്പാടും സ്ഥിരതയ്ക്ക് ഇത് ഒരു നല്ല സൂചനയാണിത്,” അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറുകൾ പാലിക്കുന്നത് തുടരുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഒരു പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ചർച്ചകളുടെ പല ഘട്ടങ്ങളും സുഗമമാക്കിയത് അസിം മുനീറാണെന്ന് മന്ത്രി അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിൽ 21 മണിക്കൂർ ചർച്ചയാണ് ഇസ്ലാമാബാദിൽ നടന്നത്. ഇരുപക്ഷവും പല വിഷയങ്ങളിലും ധാരണയിലെത്തിയെങ്കിലും, ആണവായുധങ്ങൾ, ഹോർമുസ് കടലിടുക്ക് എന്നീ സുപ്രധാന കാര്യങ്ങളിൽ സമവായത്തിലെത്താൻ ഇരു രാജ്യങ്ങൾക്കും സാധിച്ചില്ല.
സമാധാന ചർച്ചകൾ എന്തുകൊണ്ട് പരാജയപ്പെട്ടു?
ചർച്ച നടത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് താൻ ചർച്ചകളിൽ പങ്കെടുത്തതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാൻസും സംഘവും ഇസ്ലാമാബാദിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. അതേസമയം, അമേരിക്ക അമിതമായ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ ആരോപിക്കുന്നത്.
ചർച്ചകൾ അവസാനിച്ചോ എന്നും എന്തെങ്കിലും വ്യത്യാസങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നും ട്രംപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും ദുഃഖസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ഇറാൻ പ്രതിനിധി സംഘം വെള്ളിയാഴ്ച എത്തിയത്.








