​വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ധനസമാഹരണ വഴികൾ തേടി കേരളം.

തിരുവനന്തപുരം: ഭരണമേറ്റ ശേഷമുള്ള ആദ്യ ധനനയ പ്രഖ്യാപനത്തിനായി വി.ഡി സതീശൻ സർക്കാർ നാളെ നിയമസഭയിലെത്തുമ്പോൾ കേരളം ഉറ്റുനോക്കുന്നത് സർക്കാരിന്റെ വരുമാന സമാഹരണ തന്ത്രങ്ങളിലേക്കാണ്. സാധാരണക്കാരുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാതെ, അതേസമയം ചോർച്ചകൾ അടച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള കടുത്ത വെല്ലുവിളിയാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക വിഹിതം നേടിയെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന രാഷ്ട്രീയ നയവും ഈ ബജറ്റിന്റെ പ്രധാന സവിശേഷതയായിരിക്കും.

​നികുതി വഴിയുള്ള വരുമാന വർദ്ധനവിന് സംസ്ഥാനത്തിന് മുന്നിൽ ഇപ്പോൾ പരിമിതമായ വഴികൾ മാത്രമാണുള്ളത്. ഇന്ധന നികുതി, മദ്യവില, വൈദ്യുതി നിരക്ക്, ഭൂനികുതി എന്നിവയെല്ലാം ഇതിനകം തന്നെ ഉയർന്ന നിലയിലായതിനാൽ ഇവ വീണ്ടും വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നികുതി നിരക്കുകൾ കൂട്ടുന്നതിന് പകരം, നിലവിലുള്ളവ കൃത്യമായി പിരിച്ചെടുക്കുന്നതിലാകും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്യമായ ഭൂനികുതി വസൂലാക്കലും, വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളും പിഴകളും കാര്യക്ഷമമായി ഈടാക്കലും വഴി നികുതിയേതര വരുമാനം ഉയർത്താൻ ബജറ്റിൽ പദ്ധതികളുണ്ടാകും.

​സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം ചോർന്നുപോകാതിരിക്കാൻ ജിഎസ്ടി വെട്ടിപ്പുകൾക്കെതിരെ കർശനമായ നിരീക്ഷണവും നടപടികളും നാളത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ചെറുകിട-വൻകിട വ്യാപാര മേഖലകളിലെ നികുതി ചോർച്ച തടയുന്നതിലൂടെ ജിഎസ്ടി വിഹിതത്തിൽ വലിയ മുന്നേറ്റം സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ധനകാര്യ കമ്മീഷൻ വിഹിതം, കേന്ദ്ര ഗ്രാൻഡുകൾ, ഇൻകം ടാക്സ്, ഇറക്കുമതി ചുങ്കം എന്നിവയിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട പണം നേടിയെടുക്കാൻ കേന്ദ്ര സർക്കാരിന് മേൽ ശക്തമായ രാഷ്ട്രീയ-നയതന്ത്ര സമ്മർദ്ദം ചെലുത്താനുള്ള കർമ്മപരിപാടികളും ധനമന്ത്രി മുന്നോട്ട് വെക്കും.
​ആദ്യ ബജറ്റായതിനാൽ തന്നെ ജനപ്രിയ മുഖം നിലനിർത്താനായിരിക്കും സർക്കാർ ശ്രമിക്കുക. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ഒഴിവാക്കുമെങ്കിലും, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുള്ളതിനാൽ സൗജന്യങ്ങളും വൻ പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ പരിമിതമായിരിക്കാനാണ് സാധ്യത.

Top News from last week.