കൊച്ചി : 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വി മിഥുൻ ക്യാപ്റ്റനായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശിയായ മിഥുൻ വി കേരള ടീമിന്റെ ഗോൾ കീപ്പറാണ്. പി ബി രമേശ് ആണ് ടീം കോച്ച്. നിലവിലെ ജേതാക്കളായ കേരളം വിജയത്തുടർച്ച ലക്ഷ്യമിട്ട് യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. 16 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഡിസംബർ 26 മുതൽ ജനുവരി എട്ട് വരെ കോഴിക്കോട് ഇംഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരങ്ങൾ. ആദ്യ യോഗ്യതാ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ. ജനുവരി ഒന്നിന് ആന്ധ്രയെയും അഞ്ചിന് ജമ്മു കശ്‌മീരിനെയും എട്ടിന് മിസോറാമിനെയും കേരളം നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായി കിരീടം ചൂടുകയാണ് കേരളത്തിന്റെ ലക്ഷ്യം.