പശുവിനോടുള്ള ബിജെപിയുടെ സ്നേഹം വാക്കുകളില്‍ മാത്രം; മൃഗക്ഷേമത്തിന് ആളും ഫണ്ടുമില്ല

ന്യൂഡല്‍ഹി: ബിജെപിയുടെ പശുസ്നേഹം വെറും കാപട്യം മാത്രമാണെന്ന് വി ശിവദാസന്‍ എംപി. പശുസ്നേഹം തെരുവില്‍ മാത്രമേയുള്ളൂ. മൃഗക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നില്ല. ആകെയുള്ള തസ്തികയില്‍ 61 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്.

കേന്ദ്ര മൃഗപരിപാലന വകുപ്പിന് കീഴില്‍ റീജിയണല്‍ ഫോഡര്‍ സ്റ്റേഷനുകള്‍, കേന്ദ്ര കന്നുകാലി ബ്രീഡിങ് കേന്ദ്രങ്ങള്‍, സെന്‍ട്രല്‍ ഷീപ് ബ്രീഡിങ് ഫാം , അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, വെറ്റിനറി കൌണ്‍സില്‍, ഡല്‍ഹി മില്‍ക്ക് സ്‌കീം തുടങ്ങി 33 സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ 24 സ്ഥാപനങ്ങളുടെയും ബഡ്ജറ്റ് വിഹിതം മുന്‍വര്‍ഷങ്ങളില്‍ നിന്നും കുറവാണ്. 2024-25 വരെയുള്ള കണക്കുകളാണ് വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി പ്രൊഫ.എസ് പി ബാഘേല്‍ നല്‍കിയത്.

33 സ്ഥാപനങ്ങളിലായി അനുവദിക്കപ്പെട്ട തസ്തികകള്‍ 2259 ആണ്. എന്നാല്‍ ഇതില്‍ 1382 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 195 തസ്തിക വെട്ടിക്കുറച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 61 ശതമാനം തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.

കന്നുകാലി പരിപാലനം ഏറ്റവും ശാസ്ത്രീയമായി മാറേണ്ട കാലത്ത്, ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഈ മേഖലയെ പിന്നോട്ടടിപ്പിക്കും . ഇന്ത്യയിലെ ക്ഷീരോത്പന്ന വിപണി വരെ ബ്രിട്ടനും വിദേശരാജ്യങ്ങള്‍ക്കും തുറന്നു കൊടുക്കാന്‍ കരാര്‍ ഒപ്പിടുമ്പോഴാണ്, ഇത്തരത്തില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതും നിയമനങ്ങള്‍ നടത്താതിരിക്കുന്നതും.

ബിജെപിയുടെ പശു സ്നേഹം തെരുവുകളില്‍ മാത്രമാണ് എന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. വലിയ മൃഗസ്നേഹം പ്രസംഗിക്കുന്നതല്ലാതെ ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്കും മൃഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പണം ചെലവഴിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ല. കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനിരോധനം നീക്കണമെന്നും ശാസ്ത്രീയ ഗവേഷണത്തിന് പണം വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top News from last week.

Latest News

More from this section