വടകര ലഹരി കേസ്: 12,000 രൂപ ശമ്പളം തികയാത്തതിനാൽ മയക്കുമരുന്ന് ഇടപാടുകളിലേക്ക്; ലക്ഷങ്ങൾ കൊയ്ത അധ്യാപികമാർ പിടിയിൽ

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ അത്യന്തം ആഡംബരപൂർണ്ണമായ ജീവിതം നയിക്കാനായി മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിയുകയായിരുന്നു എന്ന് കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരായ ഇവർക്ക് ലഭിച്ചിരുന്ന 12,000 രൂപ മാത്രമുള്ള വേതനം അപര്യപ്തമായതിനാലാണ് ഇവർ ലഹരി വിൽപന നടത്തിയത്. ഈ ശമ്പള വരുമാനത്തിന് അപരിചിതമായ സാമ്പത്തിക വളർച്ചയും ജീവിതരീതിയുമാണ് ഇവരിലേക്ക് അന്വേഷണ ഏജൻസികളുടെ ശ്രദ്ധതിരിച്ചത്. സഹപ്രവർത്തകരും ഇവരുടെ അസാധാരണ ജീവിതശൈലിയെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും കോടികളുടെ മയക്കുമരുന്ന് ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും വ്യക്തമായി. സാമ്പത്തിക കൈമാറ്റങ്ങൾ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന സൂത്രധാരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കീർത്തന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിലും സൂംബ ഡാൻസ് ക്യാമ്പയിനുകളിലും സജീവമായി പങ്കെടുത്തിരുന്നു. സംഭവം പുറത്തുവന്നതോടെ ഇരുവർക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചു. കേസിൽ മറ്റ് അധ്യാപകർക്ക് പങ്കുണ്ടോയെന്നും ഇവരുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ആവശ്യപ്പെടുന്നവർക്ക് ക്യൂ.ആർ കോഡ് അയച്ച് പണം സ്വീകരിക്കൽ, ലഹരി കൈമാറ്റത്തിനായി ഗൂഗിൾ മാപ്പ് ലൊക്കേഷനുകൾ പങ്കുവെക്കൽ എന്നിവയാണ് ഇവർ പ്രധാനമായും ചെയ്തിരുന്നത്.

സഫ്‍വാൻ എന്ന വടകര സ്വദേശിയിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത ‘ഓപ്പറേഷൻ തൂഫാൻ’ എന്ന അന്വേഷണത്തിലൂടെയാണ് അധ്യാപികമാരുടെ പങ്ക് വെളിപ്പെടുന്നത്. കീർത്തനയുടെയും ലഹരിസംഘത്തിലെ മറ്റുള്ളവരുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തിയിട്ടുണ്ട്. സ്കൂളുകളുടെ ഗുണനിലവാരവും അധ്യാപക പരിശീലനവും ഉറപ്പാക്കേണ്ട അധ്യാപികമാരെ ലഹരിമാഫിയ ഇടനിലക്കാരാക്കുകയായിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Top News from last week.