വന്ദേമാതരം വിവാദം: സോണിയാ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പൊലീസ്; നിയമനടപടിക്ക് കോൺഗ്രസ്


ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കുന്നതിനായി ഡൽഹി പൊലീസ് നിയമോപദേശം തേടി. സംഭവം രാഷ്ട്രീയമായി സജീവമാക്കി നിർത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മണിപ്പൂരിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ വന്ദേമാതരം ആലാപനം നടത്തി പ്രതിഷേധിച്ചു.

അതേസമയം, കേസെടുക്കാനുള്ള നീക്കമുണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നേരത്തെ ഡൽഹിയിലും മംഗളൂരുവിലും പരാതികൾ ഉയർന്നതിന് പിന്നാലെ, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരാതികൾ നൽകാൻ ബിജെപി നീക്കം നടത്തുന്നുണ്ട്. വിഷയം രാജ്യദ്രോഹ നടപടിയായി ഉയർത്തിക്കാട്ടിയാണ് ബിജെപി ആക്രമണം കടുപ്പിക്കുന്നത്. എന്നാൽ, ആലാപന സമയത്തുണ്ടായ സംഘാടനപ്പിഴവിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിന് കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.









