വന്ദേമാതരം വിവാദം: വിമർശനങ്ങൾ തള്ളി ഖാർഗെ; ചരിത്രം അറിയാത്തവരാണ് വിവാദത്തിന് പിന്നിലെന്ന് മറുപടി


പനാജി: ഗോവയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചതിനെച്ചൊല്ലി പുതിയ രാഷ്ട്രീയ പോര്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഗാനം ഭാഗികമായി ആലപിച്ചത് ദേശീയ ഗാനത്തെ അപമാനിക്കലാണെന്നും മുസ്ലിം ലീഗിന്റെ സമ്മർദ്ദം മൂലമാണിതെന്നും ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു.

എന്നാൽ, ബി.ജെ.പിയുടെ ആരോ പണങ്ങൾക്ക് ശക്തമായ മറുപടിയുമായി മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ളവർ മുൻപ് ആലപിച്ച അതേ ഭാഗം മാത്രമാണ് ഗോവയിലും പാടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അത് കുറ്റമാണെങ്കിൽ അവർക്കെതിരെ കേസ് എടുക്കട്ടെയെന്നും ഖാർഗെ പരിഹസിച്ചു. നിലവിൽ വിവാദമുണ്ടാക്കുന്നവർ ജനിക്കുന്നതിന് എത്രയോ മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായതാണെന്നും, നാളെ മറ്റൊരു സർക്കാർ അധികാരത്തിൽ വന്നാൽ അവർ പറയുന്നതായിരിക്കും അപ്പോഴത്തെ നയമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.









