VB-G RAM-G :കേരളത്തിൻ്റെ വിഹിതത്തിൽ 609 കോടി രൂപയുടെ വെട്ടിക്കുറവ്

കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിൽ പദ്ധതിയായ ‘VB-G RAM-G’ യിൽ കേരളത്തിനുള്ള വിഹിതത്തിൽ വൻ വെട്ടിക്കുറവ്. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യങ്ങൾക്ക് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ നൽകിയ മറുപടിയിലാണ് 609 കോടി രൂപയുടെ (16%) കുറവ് വ്യക്തമായത്. 2025-26 ൽ 3,745.44 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2026-27 സാമ്പത്തിക വർഷത്തിൽ 3,136.44 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചത്.

പഴയ പദ്ധതിയിൽ തൊഴിലാളികളുടെ കൂലി പൂർണ്ണമായും കേന്ദ്രം വഹിച്ചിരുന്ന സ്ഥാനത്ത്, പുതിയ പദ്ധതിയിൽ ചെലവ് 60:40 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും പങ്കിടണം. സംസ്ഥാനങ്ങളുടെ യഥാർത്ഥ ആവശ്യത്തിന് പകരം കേന്ദ്രം മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് തുക വകയിരുത്തുന്നത്. അധികമായി വേണ്ടിവരുന്ന തുക സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ കണ്ടെത്തണമെന്ന വ്യവസ്ഥ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും എം.പി ചൂണ്ടിക്കാട്ടി.

ഉയർന്ന തൊഴിൽ പങ്കാളിത്തമുള്ള കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നിലപാട് തൊഴിലാളി വിരുദ്ധമാണ്. കോവിഡ് കാലത്ത് 3,831 കോടി രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി. കേരളത്തിന്റെ വിഹിതം മുൻവർഷത്തിന് സമാനമായി ഉയർത്തണമെന്നും ആവശ്യാനുസരണം അധിക തുക അനുവദിക്കണമെന്നും ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

Top News from last week.

Latest News

More from this section