വിസി നിയമനം; റിട്ട. ജഡ്ജി സുധാംശു ധൂലിയ സെർച്ച് കമ്മറ്റി ചെയർപേഴ്‌സൺ, ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാൻഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ ആക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കേരളത്തിൻറെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവർണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

 

സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കണം എന്നാണ് കോടതി നിർദേശം. യുജിസി നോമിനി സെർച്ച് കമ്മറ്റിയുടെ പട്ടികയിൽ ഉണ്ടാകില്ല. രണ്ടുപേർ ചാൻസിലർ നോമിനിയും രണ്ടുപേർ സർക്കാർ നോമിനിയു പിന്നെ ചെയർപേഴ്‌സണും അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. റിപ്പോർട്ട് കമ്മറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഇതിനുശേഷം പട്ടിക മുഖ്യമന്ത്രിയുടെ ശുപാർശയോടെ ചാൻസിലർ ആയ ഗവർണർക്ക് കൈമാറണം. പശ്ചിമബംഗാൾ കേസിലെ വിധി സുപ്രീംകോടതി ഇക്കാര്യത്തിലും ബാധകമാക്കുകയാണ്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ,സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി എന്നിവർ ഹാജരായി. ഗവർണർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാർ, സ്റ്റാൻഡിങ് കൗൺസൽ വെങ്കിട സുബ്രഹ്മണ്യ എന്നിവർ ഹാജരായി.

 

ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത്. പിന്നാലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി രൂപീകരിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനായി കേരള സർക്കാരിനോടും ഗവർണറോടും പാനൽ പട്ടിക തയ്യാറാക്കി സമർപ്പിക്കാനും ഉത്തരവിട്ടിരുന്നു. സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദ?ഗ്ധരുടെ പട്ടിക സംസ്ഥാന സർക്കാരിന് ഗവർണർ ഇന്നലെയാണ് കൈമാറിയത്. നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് ഗവർണർ കൈമാറിയത്. സർക്കാരും ഗവർണറും പട്ടിക പരസ്പരം കൈമാറണം എന്ന് സുപ്രീംകോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതോടുകൂടി സർക്കാർ പട്ടിക സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു.

Top News from last week.

Latest News

More from this section