ബലാത്സംഗ കേസില്‍ വേടന്‍ ഒളിവില്‍; വേടനെത്തിയാല്‍ അറസ്റ്റെന്ന് പൊലീസ്, സംഗീത നിശ മാറ്റിവച്ചു

കൊച്ചി: റാപ്പര്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്. ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ബലാത്സംഗ കേസില്‍ വേടന്‍ ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിന്‍മാറ്റം മാനസികമായി തകര്‍ത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Top News from last week.

Latest News

More from this section