മാസ് രംഗങ്ങളുടെ നീണ്ട നിരയുമായി വീര സിംഹ റെഡ്ഡി

പാഞ്ഞു വരുന്ന തീവണ്ടിയെ വരെ തടഞ്ഞുനിർത്താൻ ശേഷിയുള്ള ഒരേയൊരു ഇന്ത്യൻ ‘സൂപ്പർതാര’മാണ് ബാലയ്യ. നന്ദമുറി ബാലകൃഷ്ണയെ ഒരു ഇന്ത്യൻ അവഞ്ചർ ആയി ആരാധകരും അംഗീകരിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളിൽ ഇതുപോലുള്ള മാസ് രംഗങ്ങളുടെ അതിപ്രസരം ട്രോള്‍ രൂപത്തിലും മലയാളികൾ ആസ്വദിക്കാറുണ്ട്. ഇപ്പോഴിതാ നന്ദമുറിയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡിയിലെ ഒരു രംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒറ്റ ചവിട്ടിന് കാർ ആകാശത്തേക്ക് പൊങ്ങി നിന്ന്, അതേ വരവിൽ പുറകിലേക്ക് കുതിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. ഇതുപോലുള്ള മാസ് രംഗങ്ങളുടെ നീണ്ട നിര തന്നെ വീര സിംഹ റെഡ്ഡിയിലുണ്ട്. പൊങ്കൽ റിലീസായി ജനുവരി 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 32 കോടിയാണ് ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത്. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിങ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ എ.എസ്. പ്രകാശ്.

Top News from last week.