സഖം-എ-ദിൽ’ (മുറിവേറ്റ ഹൃദയം) എന്ന മനോഹരമായ മെലഡിയുമായി ‘ഗധാമ’ ഫെയിം വീത്‌രാഗും ഗാനരചയിതാവും സംഗീതസംവിധായകനുമായ സുജിത്ത് സുധിയും. ഉറുദു ഷായരിയും ഹിന്ദിയും ഇടകലർത്തിയൊരുക്കിയ ഈ ഗാനം, തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട് ഹൃദയം തകർന്ന കാമുകന്റെ വേദന നിഴലിക്കുന്ന വിഷാദ ഗാനമാണ്. സംഗീതസംവിധായകനും ഗായകനുമായ വീത്‌രാഗിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള ആലാപനവും ‘യാദ് ആയാ’യുടെ രചയിതാവായ സുജിത്തിന്റെ മനോഹര വരികളും പാട്ടിനെ ഏറെ ഹൃദയസ്പർശിയാക്കി.
മട്ടാഞ്ചേരിയിലും പരിസരത്തുമായി ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യ മികവും എടുത്തുപറയേണ്ടതാണ്. കായല്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ച ദൃശ്യങ്ങൾ സംഗീതവുമായി ഇഴചേർന്നു കിടക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിജു, അസിസ്റ്റന്റ് ഡോപ്പ് ജിയാദ്. ഉജ്വൽ എം ആണ് ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചത്.ഗിറ്റാറിൽ ഈണമൊരുക്കിയ സംഗീത് പവിത്രൻ പാട്ടിന്റെ മിക്സിങ്ങിലും മാസ്റ്ററിങ്ങിലും പങ്കാളിയായിട്ടുണ്ട്. രാജു ജോർജ്ജ് ബേസ് ഗിറ്റാർ വായിച്ചപ്പോൾ മുഗ്ധയാണ് പിയാനോയിൽ ഈണമിട്ടത്. ഷാഹുൽ ഹമീദ്, ഇസ്മയിൽ ഇച്ചു എന്നിവരും ആൽബം നിർമാണത്തിൽ ഭാഗമായി. റോക്ക് സംഗീതം കൂടി ഉൾപ്പെടുത്തിയാണ് പാട്ടൊരുക്കിയിരിക്കുന്നത്. പാട്ട് ഇതിനകം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ ബെന്നറ്റ് റോളണ്ടിനൊപ്പം വീത്‌രാഗ് മലയാളത്തിൽ നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ഔട്ട് ഓഫ് സിലബസിലെ ‘പോയി വരുവാൻ’, ‘ഈ കൽപ്പടവിൽ’ എന്നീ ഗാനങ്ങള്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ്.