പാറ്റകളുടെ പ്രക്ഷോഭത്തിന് ഒടുവിൽ വിജയം:ജെൻസികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം;ജന്തർ മന്ദറിൽ ആവേശക്കടൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പദവിയിൽ നിന്ന് നീക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അപ്രതീക്ഷിതമായി മന്ത്രി രാജി പ്രഖ്യാപിച്ചതോടെ സമരവേദിയായ ജന്തർ മന്ദർ വലിയ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ പേരുകൾ ഉറക്കെ വായിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഈ വിജയം ജീവനൊടുക്കിയ വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.

​തുടക്കത്തിൽ മന്ത്രിയുടെ രാജി ഒഴിവാക്കി, പരീക്ഷാ ചോർച്ച തടയാനുള്ള പ്രത്യേക ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പ്രക്ഷോഭകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. എന്നാൽ രാജിയില്ലാതെ പിന്മാറില്ലെന്ന് സമരക്കാർ കർശന നിലപാടെടുത്തതോടെ കേന്ദ്രത്തിന് തീരുമാനം മാറ്റേണ്ടിവന്നു. വിഷയം കൂടുതൽ ചർച്ചയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുൻകൈ എടുത്ത് രണ്ടുതവണ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് പ്രക്ഷോഭത്തിന് പുതുജീവൻ ലഭിച്ചത്. വാർത്തകളിൽ ഇടംനേടിയതോടെ യുവജനങ്ങളും വിവിധ വിദ്യാർത്ഥി സംഘടനകളും സമരത്തിലേക്ക് ഒഴുകിയെത്തുകയും രാജ്യവ്യാപക പിന്തുണ ലഭിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനകത്തും പുറത്തും സമരം ശക്തമാക്കിയതും കേന്ദ്ര സർക്കാരിന് വലിയ സമ്മർദ്ദമായി മാറുകയായിരുന്നു.

Top News from last week.

Latest News

More from this section