തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു. 1607 വോട്ടുകളാണ് വൈഷ്ണ നേടിയത്. ഇടത് സ്ഥാനാർത്ഥി അംശു വാമദേവൻ 1210 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്തി. 460 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേടാനായത്. മുട്ടട വാര്‍ഡിൽ 25വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് വിജയിക്കുന്നത്.വിജയം അഭിമാനകരമാണെന്നും ഏറെ സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. ജനങ്ങൾ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ താൻ പറഞ്ഞത് സത്യം വിജയിക്കു എന്നാണ്. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളത്. കഠിനാധ്വാനവും പ്രയ്തനവും തിരിച്ചറിഞ്ഞ് ജനങ്ങള്‍ വലിയ പിന്തുണ നൽകിയെന്നും വൈഷ്ണ കൂട്ടിച്ചേർത്തു.









