പിണറായിക്ക് ചരിത്രം മറക്കുന്ന പ്രത്യേകതരം മറവിയെന്ന് യൂത്ത് കോൺഗ്രസ്, 77 ലെ തെരഞ്ഞെടുപ്പും 89 ലെ കൂട്ടുകെട്ടും ഓർമ്മിപ്പിച്ച് വിജയ് ഇന്ദുചൂഡൻ

പത്തനംതിട്ട: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ആർ എസ് എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണം നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനെതിരെ യൂത്ത് കോൺഗ്രസ്. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സി പി എം പോരാടിയതെന്നും ആർ എസ് എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ രംഗത്തെത്തി. പിണറായിക്ക് ചരിത്രം മറക്കുന്ന പ്രത്യേകതരം മറവിയെന്നാണ് വിജയ് ഇന്ദുചൂഡൻറെ വിമർശനം. ചരിത്രത്തെ വളച്ചൊടിക്കാതെ മുഖ്യമന്ത്രി രാഷ്ട്രീയ നിലപാട് പറയണമെന്നാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആവശ്യപ്പെട്ടത്. 1977 ലെ തെരഞ്ഞെടുപ്പിലും 89 ലെ തെരഞ്ഞെടുപ്പിലും സംഘപരിവാറുമായി സി പി എം കൂട്ടുകെട്ടുണ്ടായിക്കിയെന്നാണ് വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്

എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ വന്നപ്പോൾ അദ്ദേഹം തന്നെ വസ്തുതകൾ വിശദീകരിച്ചിട്ടുണ്ട്. അതിൽ ആർക്കും സംശയം വേണ്ടതില്ല. സിപിഐ എം സ്വന്തം രാഷ്ട്രീയം എവിടെയും തുറന്നുപറയുന്ന പ്രസ്ഥാനമാണ്. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും ശത്രുവിൻറെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കെൽപ്പുള്ള പാർട്ടിയാണ് ഞങ്ങളുടേത്. ഞങ്ങളിലാരും ആർഎസ് എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ആർ എസ് എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്കു മുന്നിൽ ചിലർ താണുവണങ്ങിയല്ലോ. തലയുയർത്തിനിന്നുകൊണ്ട് നേരിട്ട് കോൺഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുനിന്ന് ഞങ്ങൾക്ക് നേരെ വന്ന കോൺഗ്രസിൻറെ ചിത്രവും ആരും മറന്നു പോയിട്ടില്ല. അങ്ങനെ മറക്കാനാവുകയുമില്ല. ഞങ്ങളുടെ 215 ഏറെ സഖാക്കളെയാണ് ആർഎസ്എസ് അരും കൊല ചെയ്തത്. ഈ നാട്ടിൽ ആണല്ലോ അത് സംഭവിച്ചത്. ഏതെങ്കിലും ഒരു കൊലപാതകത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചതായി പറയാനാകുമോ?

നിങ്ങൾ ആ സമയത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ പോവുകയായിരുന്നില്ലേ? ഏറ്റവും വിശ്വസിക്കാവുന്ന മിത്രം ആയതുകൊണ്ടല്ലേ കാവൽ നിൽക്കാൻ ആർഎസ്എസുകാർ കോൺഗ്രസ് നേതാക്കളെ സമീപിക്കുന്നത് ? ഇതൊക്കെ ഈ നാട്ടുകാർ മനസ്സിലാക്കുന്ന കാര്യങ്ങളാണ്.

ആർഎസ്എസുമായി ഞങ്ങൾക്ക് യോജിപ്പിൻറെ ഒരു മേഖലയും ഇല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർഎസ്എസിനെതിരെ മുന്നിൽ നിന്ന് പോരാടുന്നവരാണ് ഞങ്ങൾ. ഈ കേരളത്തിൽ മാത്രം സിപിഐഎമ്മിൻറെ 215 ലേറെ പ്രവർത്തകരെയും അനുഭാവികളെയും കൊന്നൊടുക്കിയ വർ?ഗീയ കൂട്ടമാണ് ആർഎസ്എസ്. ഞങ്ങളെ കൊലപ്പെടുത്താൻ ആയുധം ഒരുക്കി കാത്തിരിക്കുന്ന ആ വർഗീയക്കൂട്ടത്തോട് ഒരുതരത്തിലുള്ള സന്ധിയും ചെയ്യാൻ ഞങ്ങൾ തയ്യാറല്ല. കോൺഗ്രസിനെയോ യുഡിഎഫ് കക്ഷികളെയോ അല്ല; കമ്മ്യൂണിസ്റ്റുകാരെയാണ് അവർ ആഭ്യന്തര ശത്രുക്കളായി കാണുന്നത്.

1925 ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാൻ കമ്മ്യൂണിസ്റ്റുകാർ പോയിട്ടില്ല. ഇന്നലെയും യോജിപ്പില്ല; ഇന്നും യോജിപ്പില്ല; നാളെയും യോജിപ്പ് ഉണ്ടാവില്ല. ആർഎസ്എസ് എന്നല്ല; ഒരു വർഗീയ ശക്തിയോടും ഞങ്ങൾ ഐക്യപ്പെടില്ല. 50 വർഷം മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൻറെ അമിതാധികാരവാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നപ്പോൾ ആരുടെയെങ്കിലും തണലിൽ അല്ല ഞങ്ങൾ അതിൽ പങ്കാളികളായത്. ഭരണകൂടത്തിൻറെ കൊടിയ ആക്രമണങ്ങൾക്ക് ഞങ്ങളുടെ അനേകം സഖാക്കൾ ഇരയായി. അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലും’അടിയന്തരാവസ്ഥ അറബിക്കടലിൽ ‘ എന്ന മുദ്രാവാക്യമുയർത്തി ഞങ്ങൾ മുന്നിൽ തന്നെ നിന്നു. ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഐഎം ചെറുത്തുനിൽപ്പ് നടത്തുന്ന ഘട്ടം കൂടിയായിരുന്നു അത്. 1977-79 കാലത്ത് കണ്ണൂർ ജില്ലയിൽ മാത്രം അനവധി രക്തസാക്ഷികളാണ് സിപിഎഎമ്മിനുണ്ടായത്. പ്രതിസ്ഥാനത്ത് ആർഎസ്എസും.
1977ൽ രൂപീകൃതമായ ജനതാ പാർട്ടിയിൽ ജനസംഘം എന്ന പാർട്ടി ലയിച്ചു ചേർന്നിരുന്നു എന്നത് മറയാക്കി ഞങ്ങളും ആർഎസ്എസും തമ്മിൽ എന്തോ ധാരണയുണ്ടായിരുന്നു എന്ന് ആരോപണം ഉന്നയിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
അടിയന്തരാവസ്ഥ കാലത്ത് സിപിഐ എമ്മും ആർഎസ്എസും തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല. ആർഎസ്എസ് പോയിട്ട് ജനസംഘവുമായി പോലും സഹകരിച്ചിട്ടില്ല. ജനതാ പാർടിയുമായുള്ള തെരഞ്ഞെടുപ്പ് സഹകരണം എങ്ങനെയാണ് ജനസംഘവും ആർഎസ്എസും ആയുള്ള ബന്ധമാവുന്നത്? അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണൻറെ നേതൃത്വത്തിൽ വലിയ ചെറുത്തുനിൽപ്പാണുണ്ടായത്. പ്രധാനമായും സോഷ്യലിസ്റ്റ് പാർടികളാണ് വിവിധ സംസ്ഥാനങ്ങളിൽ ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. 1977 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അന്നത്തെ ആ വിശാല മുന്നണി ജനതാ പാർട്ടിയായി രൂപപ്പെടുകയായിരുന്നു. അടിയന്തിരാവസ്ഥയിലെ കോൺഗ്രസ്സ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയർന്നുവന്ന വിശാല ഐക്യത്തിലുണ്ടായിരുന്ന കക്ഷികൾ ഒന്നിച്ചു ചേർന്നാണ് ജനതാ പാർടി ഉണ്ടാവുന്നത്. ഭാരതീയ ലോക് ദൾ, സംഘടനാ കോൺഗ്രസ്സ്, സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ പാർടികൾ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാർട്ടി രൂപീകരിച്ചത്. ഈ ജനതാ പാർടിയിൽ പിന്നീട് ജനസംഘവും ലയിക്കുകയായിരുന്നു. ജനസംഘവും മറ്റ് പാർട്ടികളെ പോലെ അവരുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടാണ് ജനതാ പാർട്ടിയിൽ ലയിച്ചത്. സിപിഐഎം ഏതായാലും ജനതയിൽ പോയി ലയിച്ചിട്ടില്ല. ഞങ്ങൾ അന്ന് സ്വന്തം നിലയിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുകയാണ് ഉണ്ടായത്.

Top News from last week.