1998 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞെന്ന് രേഖ; 2019ൽ കൊണ്ടു പോയത് ചെമ്പെങ്കിൽ സ്വർണമെവിടെയെന്ന് പന്തളം കൊട്ടാരം

പമ്പ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് പന്തളം കൊട്ടാരം നിർവാഹക സമിതി സംഘം സെക്രട്ടറി സുരേഷ് വർമ. സ്വർണപ്പാളി കാണാതായതിൽ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞു എന്നാണ് രേഖകൾ.2019ൽ കൊണ്ടു പോയത് ചെമ്പാണെങ്കിൽ സ്വർണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. സ്മാർട്ട് ക്രിയേഷൻസ് വിശദീകരണത്തിൽ വ്യക്തതയില്ല. തൂക്കത്തിൽ വന്ന വ്യത്യാസത്തെപ്പറ്റിയുള്ള വിശദീകരണം തൃപ്തികരമല്ല. ശബരിമലയിൽ നിന്ന് സാധനങ്ങൾ കൊണ്ടു പോകുന്നതിന് മാർഗ്ഗരേഖയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയെ പോലൊരാൾക്ക് എടുത്തു കൊടുത്തത് എങ്ങനെ?ഇയാൾക്ക് സന്നിധാനത്ത് എങ്ങനെ സ്വാധീനം ഉണ്ടായെന്ന് അന്വേഷിക്കണമെന്നും സുരേഷ് വർമ. ദേവസ്വത്തിന്റെ അറിവോടെയല്ലാതെ പോറ്റിക്ക് പാളികൾ കൊണ്ടുപോകാൻ കഴിയില്ല. തന്ത്രിയുടെ അനുമതി ഇല്ലാതെ ശ്രീകോവിലിൽ പണികൾ നടക്കില്ല. ശബരിമലയിൽ എല്ലാം സ്‌പോൺസർമാരുടെ നിയന്ത്രണത്തിലാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് പാളികൾ കൊണ്ടുപോയത്. ഈ നിയമലംഘനം നിസാരമായി കാണരുത്. ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറിയില്ലെന്നും സുരേഷ് വർമ പറഞ്ഞു.

അതേ സമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ നുണകൾ പൊളിച്ച് രേഖകൾ. ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതെന്നാണ് രേഖകൾ. 1999 മാർച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വർണം പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തൽ. ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ചെമ്പെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്

Top News from last week.