കണ്ണൂര്‍ : യാതൊരു സംഘര്‍ഷവുമില്ലാത്ത പ്രദേശങ്ങളില്‍ പോലും ബോധപൂര്‍വം അക്രമം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
തൃച്ചംബരം പാലകുളങ്ങര ബൂത്ത് കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിനെതിരേ ഇതു നാലാം തവണയാണ് അക്രമം നടത്തുന്നത്. കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ വീടിനടുത്തുള്ള ഈ ഓഫീസിനു നേരെ അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. ധീരജിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ കെട്ടാനെത്തിയവരാണ് കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ചത്. രക്തസാക്ഷികളെ വെച്ചുള്ള ഈ രാഷ്ട്രീയമുതലെടുപ്പ് സിപിഎം അവസാനിപ്പിക്കണം. കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയാണ് സിപിഎം നേതൃത്വം. കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണം. നാല് തവണ ഈ ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും , പോലീസിൽ പരാതി നൽകിയിട്ടും പോലീസ് സമഗ്രമായി അന്വേഷിക്കാൻ തയ്യാറാവാത്തത് മൂലമാണ് സി പി എം ക്രിമിനലുകൾ ഇതാവർത്തിക്കുന്നത് . എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാവണം. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.