റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ നയതന്ത്ര പ്രതിനിധിയായി ചുമതലയേൽക്കുന്ന വിപുൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി. നിലവിലെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഖത്തറിലെ സേവനത്തിനു ശേഷം വിപുലിനെ വിദേശകാര്യ മന്ത്രാലയം ഈ നിർണായക പദവിയിലേക്ക് നിയോഗിക്കുന്നത്.
ഗൾഫ് മേഖലയിലെ ദീർഘകാല അനുഭവസമ്പത്തുള്ള ബീഹാർ സ്വദേശിയായ വിപുലിന്റെ കടന്നുവരവ് ഇന്ത്യ-സൗദി സഹകരണത്തിൽ പുതിയ അധ്യായം കുറിക്കുമെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഭാരതീയരുടെ ക്ഷേമകാര്യങ്ങൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്കും ഇത് കൂടുതൽ കരുത്തേകും.
1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ച അദ്ദേഹം കെയ്‌റോ, ജനീവ, കൊളംബോ, ദുബായ് എന്നിവിടങ്ങളിലെ മിഷനുകളിൽ പ്രവർത്തിച്ച് അന്താരാഷ്ട്ര സുരക്ഷ, നയതന്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട്. ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എൻജിനീയറിങ് ബിരുദവും ഐ.എസ്.ബി ഹൈദരാബാദിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം നയതന്ത്ര രംഗത്തേക്ക് എത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് വിഭാഗത്തിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി (2020-2023), കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ (2014-2017), ദുബായ് കോൺസൽ ജനറൽ (2017-2020) എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 2023 ഓഗസ്റ്റിലാണ് ഖത്തറിലെ സ്ഥാനപതിയാകുന്നത്. ആഗോളതലത്തിലും ഗൾഫ് രാഷ്ട്രീയത്തിലും ഉള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വരുംനാളുകളിൽ സൗദി-ഇന്ത്യ സൗഹൃദത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ സഹായകരമാകും.









