വിഴിഞ്ഞം വിവാദം: സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടി.പി. രാമകൃഷ്ണൻ; ഇപിയുടെ പ്രതികരണം കണ്ടിട്ടില്ലെന്ന് വിശദീകരണം

ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടി പി രാമകൃഷ്ണൻ. എംഎസ്‍സിക്ക് കരാർ നൽകുന്നതിലല്ല പ്രശ്‌നമെന്നും സർക്കാരിൻ്റെ അറിവും അനുമതിയും വേണമായിരുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വിഴിഞ്ഞത്തിനെതിരല്ല. വ്യവസ്ഥകളാണ് പ്രശ്‌നം. സിപിഎം നിലപാടാണ് താൻ പറയുന്നത്. യോഗത്തിൽ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ് യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുക എന്നതെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ അനുകൂലിച്ച് സംസാരിച്ച ഇപിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നായിരുന്നു ടി പി രാമകൃഷ്ണൻ്റെ മറുപടി.

അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെ കെ ശൈലജയും പി കെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എം വി ഗോവിന്ദൻ രം​ഗത്തെത്തി. അതേസമയം, കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മറ്റി യോ​ഗം ഇന്ന് നടക്കും. ഇന്ന് മുതൽ മൂന്ന് ദിവസമായാണ് ദില്ലിയിൽ യോ​ഗം ചേരുന്നത്. നേതൃമാറ്റം ചർച്ചയാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന.

Top News from last week.