റെക്കോർഡിട്ട് വീണ്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തെ ചരക്കുനീക്കം 5 ലക്ഷം കടന്നു. ചുരുങ്ങിയ സമയത്തിലാണ് ഈ നേട്ടം. വിഴിഞ്ഞം തുറമുഖത്തിന്റെ അഭിമാനകരമായ ഒരു കാൽവയ്പാണിതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.246 കപ്പലിൽനിന്നായി 5,01,847 ടിഇയു ചരക്കാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ചരക്കുനീക്കത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെക്കോർഡാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ അഭിമാനകരമായ കാൽവെയ്പ്പാണിതെന്നും, ആഗോള മാരിടൈം മേഖലയിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിൽ വാർഷിക കൈകാര്യശേഷിയായി നിശ്ചയിച്ചത് 10 ലക്ഷം ടിഇയുവാണ്. 2024 ജൂലൈ മുതൽ ഡിസംബർ രണ്ടുവരെ ട്രയൽ ഓപ്പറേഷനായിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 53 ചരക്ക് കപ്പൽ തുറമുഖത്ത് എത്തി. 1,12,562 ടിഇയു ചരക്കാണ് കൈകാര്യം ചെയ്തത്. മൊത്തം കപ്പലുകൾ വന്നതിൽ 144 എണ്ണം രാജ്യത്തെ വിവിധ തുറമുഖത്തുനിന്ന് വരികയും പോവുകയും ചെയ്ത ചെറുകപ്പലുകളാണ്. മറ്റുള്ളവ യൂറോപ്പ്, അമേരിക്ക, സിംഗപ്പുർ, ചൈന എന്നിവിടങ്ങളിൽ എത്തിയവയാണ്. എംഎസ്സി ജേഡ് സർവീസ് ആരംഭിച്ചതോടെ അന്താരാഷ്ട്രരംഗത്ത് വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. ഇന്ത്യയിൽ ജേഡ് സർവീസിന്റെ ഒരേയൊരു ഡെസ്റ്റിനേഷൻ വിഴിഞ്ഞമാണ്.









