തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസർക്കാരിൽനിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. വിജിഎഫ് ആയി 818 കോടി രൂപയാണ് ലഭിക്കുക. കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നൽകണമെന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥ വെച്ചിട്ടുള്ളത്.
എന്നാൽ ഈ വ്യവസ്ഥയോട് കേരളം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരളസർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു. കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും സർക്കാർ തേടിയിരുന്നു. നബാർഡ് അടക്കമുള്ളവയിൽ നിന്നും പകരം വായ്പ എടുക്കൽ എളുപ്പമാകില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് കേന്ദ്ര വായ്പ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
വായ്പ ആയിട്ട് മാത്രമേ തുക അനുവദിക്കൂ എന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഗ്രാന്റ് ആയി നൽകണണെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. നിലവിൽ വിജിഎഫ് തുക വാങ്ങാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഗ്രാന്റായി പണം നൽകണമെന്ന കാര്യത്തിൽ തുടർന്നും കേന്ദ്രവുമായി ചർച്ചകൾ നടത്തുമെന്നും തുറമുഖമന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിൻറെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിൻറെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ നേരത്തെ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിൻറെ ഭാഗമായി കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിൻറെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും. തുറമുഖത്തിൻറെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.









