തിരുവനന്തപുരം: തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വിഎസിന് ആദരമര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്.
വിഎസിനെ ഒരു നോക്ക് കാണാന്‍ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോള്‍ തന്നെ ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യര്‍ ഒഴുകിയെത്തുകയും ചെയ്തു.
സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂര്‍ണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നല്‍കിയത്. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പ്രിയ നേതാവിന് ആദരം അര്‍പ്പിച്ചു. വിവിധ ജില്ലകളില്‍ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാര്‍ട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖര്‍ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.
ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിര്‍ത്തും. തിരുവനന്തപുരത്ത് മാത്രം 23 പോയിന്റുകളില്‍ ജനങ്ങള്‍ക്ക് വിഎസിനെ കാണാന്‍ സാധിക്കും. ഇന്ന് ആലപ്പുഴയില്‍ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ?ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.








