കണ്ണൂര്‍: വിഎസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂരുമായ് വലിയ ബന്ധമാണുള്ളത്. വിമാനത്താവളമടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിട്ടുള്ള വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ കണ്ണൂരിനും തീരാനഷ്ടം. വിഎസിന്റെ വിയോഗത്തില്‍ ജില്ലയിലെ സിപിഎം പ്രവര്‍ത്തകരടക്കം നിരവധി പേരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര തിരിച്ചത്. വിഎസിന്റെ വിയോഗം കണ്ണൂരിനും തീരാനഷ്ടമാണ് ബാക്കിവെച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പലപരിപാടികളിലെ മുഖ്യ ക്ഷണിതാവായിരുന്നു വിഎസ്.
കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങിയ പോരാട്ടങ്ങളിലും സമരത്തിലും, രക്തസാക്ഷികളായ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും, ആശ്വസിപ്പിക്കാനുമെല്ലാം വിഎസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു. ആര്‍എസ്.എസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന കാലഘട്ടങ്ങളിലും ആക്രമണത്തിനിരയായവരെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഉറ്റവരെയും സന്ദര്‍ശിക്കാന്‍ വിഎസ് ജില്ലയിലെത്തിയിരുന്നു.
കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്നു പുഷ്പനെയും വിഎസ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിലും, കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലും സന്ദര്‍ശകനായിരുന്നു വിഎസ്. പ്രഭാത നടത്തം പയ്യാമ്പലത്തായിരുന്നു വിഎസിന് ശീലമുണ്ടായിരുന്നത്. വിഎസിന്റെ നിര്യാണത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലാണ് അനുശോചന യോഗം നടന്നത്.









